'ഞാൻ ചെയ്‌ത സിനിമ ഇങ്ങനായിരുന്നില്ല,' AI ഉപയോഗിച്ച് സിനിമയുടെ ക്ലൈമാക്സ് മാറ്റിയതിൽ പ്രതിഷേധവുമായി ധനുഷ്

'സിനിമകളിലോ ഉള്ളടക്കത്തിലോ മാറ്റം വരുത്താൻ 'എഐ' ഉപയോഗിക്കുന്നത് കലയ്ക്കും കലാകാരന്മാർക്കും ഒരുപോലെ ആശങ്കാജനകമായ കാര്യമാണ്'

dot image

ധനുഷിനെ നായകനാക്കി ആനന്ദ് എൽ റായ് സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമ ചിത്രമാണ് 'രാഞ്ജന'. ധനുഷിന്റെ ആദ്യ ഹിന്ദി ചിത്രമായിരുന്നു ഇത്. സോനം കപൂർ ആയിരുന്നു സിനിമയിലെ നായിക. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയം കൈവരിച്ചിരുന്നു. 'അംബികാപതി' എന്ന പേരിൽ ഒരു തമിഴ് പതിപ്പും സിനിമയുടേതായി ഇറങ്ങിയിരുന്നു. ഇപ്പോഴിതാ സിനിമ റീ റീലീസ് ചെയ്തിരിക്കുകയാണ്. എന്നാൽ എ ഐ ഉപയോഗിച്ച് സിനിമയുടെ ക്ലൈമാക്സിൽ മാറ്റം വരുത്തിയാണ് റീ റീലീസ്.

ഇതിൽ പ്രതിഷേധവുമായി നേരത്തെ തന്നെ സംവിധായകൻ ആനന്ദ് എൽ റായ് രംഗത്ത് എത്തിയിരുന്നു. തന്റെ അറിവോടെയല്ല ഈ മാറ്റമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇപ്പോഴിതാ ധനുഷും തന്റെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. താൻ 12 വർഷം മുമ്പ് ചെയ്ത സിനിമ ഇതായിരുന്നില്ലെന്നും 'എഐ' ഉപയോഗിക്കുന്നത് കലയ്ക്കും കലാകാരന്മാർക്കും ഒരുപോലെ ആശങ്കാജനകമായ കാര്യമാണെന്നും ധനുഷ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടാണ് നടന്റെ പ്രതികരണം.

Also Read:

''രാഞ്ജന'യുടെ ക്ലൈമാക്സ് മാറ്റി വീണ്ടും റിലീസ് ചെയ്തത് എന്നെ പൂർണ്ണമായും അസ്വസ്ഥനാക്കി. ഈ മാറ്റം സിനിമയുടെ ആത്മാവിനെ തന്നെ ഇല്ലാതാക്കി, എന്റെ വ്യക്തമായ എതിർപ്പ് വകവയ്ക്കാതെ ബന്ധപ്പെട്ട ആളുകൾ അത് മുന്നോട്ട് കൊണ്ടുപോയി. 12 വർഷം മുമ്പ് ഞാൻ കമ്മിറ്റ് ചെയ്ത സിനിമയല്ല ഇത്. സിനിമകളിലോ ഉള്ളടക്കത്തിലോ മാറ്റം വരുത്താൻ 'എഐ' ഉപയോഗിക്കുന്നത് കലയ്ക്കും കലാകാരന്മാർക്കും ഒരുപോലെ ആശങ്കാജനകമായ കാര്യമാണ്. കഥപറച്ചിലിന്റെ സമഗ്രതയെയും സിനിമയുടെ പാരമ്പര്യത്തെയും ഇത് ഭീഷണിപ്പെടുത്തുന്നു. ഭാവിയിൽ ഇത്തരം രീതികൾ തടയുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു,' ധനുഷ് പറഞ്ഞു.

Content Highlights: Dhanush against AI changing the climax of Raanjhanaa movie

dot image
To advertise here,contact us
dot image