A.M.M.A തെരഞ്ഞെടുപ്പ്; മത്സരത്തിൽ നിന്ന് പിന്മാറി നടൻ ബാബുരാജ്

നടൻ സുരേഷ് കൃഷ്ണയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിൻമാറിയിട്ടുണ്ട്

dot image

A.M.M.A തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി നടൻ ബാബുരാജ്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നൽകിയ നാമ നിർദ്ദേശപത്രിക നടൻ പിൻവലിക്കും. തനിക്കെതിരെ വന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സരിത എസ് നായരുടെ പരാതി ഇതിൻ്റെ ഭാഗമാണെന്നും ബാബുരാജ് പ്രതികരിച്ചു. മോഹൻലാലിൻ്റെ പേര് വലിച്ചിഴച്ചതിൽ വേദനയെന്നും നടൻ കൂട്ടിച്ചേർത്തു. നടൻ സുരേഷ് കൃഷ്ണയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിൻമാറിയിട്ടുണ്ട്.

ജനൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിന്റെ പേര് ഉയർന്ന് വന്നതിന് പിന്നാലെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ലൈംഗിക ആരോപണത്തിന് വിധേയനായ നടൻ ബാബുരാജ് മത്സരിക്കരുത് എന്ന പ്രതികരണവുമായി നടി മാല പാർവതി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. നടനും നിർമാതാവുമായ വിജയ് ബാബുവും ബാബുരാജ് മത്സരിക്കുന്നതിനെ എതിർത്തിരുന്നു. ബാബുരാജ് ഇത്തവണ അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്നും തനിക്കെതിരെ ആരോപണമുയർന്നപ്പോൾ താനും മാറിനിന്നിട്ടുണ്ടെന്നും വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. നേതൃസ്ഥാനത്തേക്ക് ഇത്തവണ സ്ത്രീകൾ വരട്ടെയെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു.

അതേസമയം, ബാബുരാജ് മത്സരിക്കുന്നതിനെ അനുകൂലിച്ച് നടി ഉഷാ ഹസീന രംഗത്തെത്തിയിരുന്നു. ബാബുരാജ് സംഘടനയ്ക്ക് പുനർജന്മം നൽകിയ ആളാണെന്നും അദ്ദേഹം മത്സരിക്കുന്നതിൽ കുഴപ്പമില്ലെന്നും ഉഷാ ഹസീന റിപ്പോർട്ടറിനോട് പറഞ്ഞു. ബാബുരാജിനെതിരെയുള്ളവർ വോട്ട് ചെയ്യാതിരുന്നാൽ പോരെ എന്നും അവർ പറഞ്ഞു. ഒപ്പം ഉഷാ ഹസീന ശ്വേതാ മേനോനെയും കുക്കു പരമേശ്വരനെയും വിമർശിക്കുകയും ചെയ്തു.

Content Highlights: Actor Baburaj withdraws from AMMA elections

dot image
To advertise here,contact us
dot image