
A.M.M.A യുടെ വരുന്ന തെരഞ്ഞെടുപ്പിൽ ബാബുരാജ് മത്സരിക്കുന്നതിനെ അനുകൂലിച്ച് നടി ഉഷാ ഹസീന. ബാബുരാജ് സംഘടനയ്ക്ക് പുനർജന്മം നൽകിയ ആളാണെന്നും അദ്ദേഹം മത്സരിക്കുന്നതിൽ കുഴപ്പമില്ലെന്നും ഉഷാ ഹസീന റിപ്പോർട്ടറിനോട് പറഞ്ഞു. ബാബുരാജിനെതിരെയുള്ളവർ വോട്ട് ചെയ്യാതിരുന്നാൽ പോരെ എന്നും അവർ പറഞ്ഞു. ഒപ്പം ഉഷാ ഹസീന ശ്വേതാ മേനോനെയും കുക്കു പരമേശ്വരനെയും വിമർശിക്കുകയും ചെയ്തു.
ശ്വേതാ മേനോനും കുക്കു പരമേശ്വരനും നയിക്കാൻ യോഗ്യതയില്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു ചുക്കും സംഭവിക്കില്ല എന്ന് ശ്വേത പറഞ്ഞതായും ഉഷാ ഹസീന പറഞ്ഞു. കുക്കു പരമേശ്വരൻ നാളിതുവരെ സ്ത്രീകൾക്ക് വേണ്ടി സംസാരിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സീനിയർ നടനായ ജഗദീഷ് നേത്രത്വ സ്ഥാനത്ത് നിന്നും പിൻമാറരുതെന്നും അധ്വക്ഷനാകണമെന്നും ഇടവേള ബാബു നയിക്കുന്നതാണ് സംഘടനയുടെ മുന്നോട്ട് പോക്കിന് നല്ലതെന്നും ഉഷ ഹസീന പറയുന്നു.
വിവാദം ഉണ്ടാക്കുന്നവർ സംഘടനക്ക് നാണക്കേടാണെന്നും AMMA യിലെ സ്ത്രീകൾക്കിടയിൽ ഭിന്നതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ A.M.M.A യുടെ വരുന്ന തെരഞ്ഞെടുപ്പിൽ ലൈംഗിക ആരോപണത്തിന് വിധേയനായ നടൻ ബാബുരാജ് മത്സരിക്കരുത് എന്ന പ്രതികരണവുമായി നടി മാല പാർവതി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
തലപ്പത്ത് സ്ത്രീകൾ വരണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാറും അഭിപ്രായപ്പെട്ടിരുന്നു. സ്ത്രീവിരുദ്ധ സംഘടനയാണ് എഎംഎംഎ എന്ന ചർച്ചകളുണ്ടെന്നും അത് മാറണമെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു.
പുതിയ സാഹചര്യത്തിൽ സ്ത്രീകൾ നയിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, എഎംഎംഎ പ്രസിഡൻറ് സ്ഥാനത്തേക്ക് വനിതയെ പരിഗണിച്ചാൽ മത്സരത്തിൽ നിന്ന് പിന്മാറാമെന്നാണ് ജഗദീഷിന്റെ നിലപാട്. മോഹൻലാലിനെയും മമ്മൂട്ടിയെയും ജഗദീഷ് തന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. ഉറപ്പ് ലഭിച്ചാൽ ജഗദീഷ് മത്സരത്തിൽ നിന്നും പിൻവാങ്ങും. ഇതിനെ പിന്തുണച്ച് നിർമാതാവ് സാന്ദ്ര തോമസും രംഗത്തെത്തിയിരുന്നു.
Content Highlights- Usha Haseena Supports Baburaj to be president of A.M.M.A