
എഎംഎംഎ പ്രസിഡൻറ് സ്ഥാനത്തേക്ക് വനിതയെ പരിഗണിച്ചാൽ മത്സരത്തിൽ നിന്ന് പിന്മാറാമെന്ന ജഗദീഷിന്റെ നിലപാടിന് പിന്തുണ അറിയിച്ച് നിർമാതാവ് സാന്ദ്ര തോമസ്. ജഗദീഷിന്റെ നിലപാട് പുരോഗമനപരമാണെന്നും സ്ത്രീകൾ നേതൃത്വത്തിലേക്ക് വരട്ടെ എന്ന അദ്ദേഹത്തിന്റെ സമീപനം എടുത്തു പറയേണ്ടതാണെന്നും സാന്ദ്ര തോമസ് ഫേസ്ബുക്കിൽ കുറിച്ചു.
'ജഗദീഷിന്റെ നിലപാട് പുരോഗമനപരം. കലുഷിതമായ അമ്മയുടെ സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജഗദീഷ് എടുത്ത നിലപാട് പുരോഗമനപരവും സ്വാഗതാർഹവുമാണ്, അതിൽ സ്വയം സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻവാങ്ങി സ്ത്രീകൾ നേതൃത്വത്തിലേക്ക് വരട്ടെ എന്ന സമീപനം എടുത്തു പറയേണ്ടതും ചരിത്രത്തിൽ വെള്ളിവെളിച്ചം പോലെ തിളങ്ങി നിൽക്കുന്നതുമാണ്. പുരോഗമനപരം എന്ന് പറഞ്ഞാൽ മാത്രം പോരാ അത് പ്രാവർത്തികമാക്കുമ്പോൾ ആണ് വ്യക്തികൾ തിളക്കമുള്ളതായി മാറുന്നത്', സാന്ദ്ര സോഷ്യൽ മീഡിയയിൽ കുറിച്ചു.
എഎംഎംഎയെ വനിതകൾ നയിക്കട്ടെയെന്നാണ് ജഗദീഷിന്റെ നിലപാട്. മോഹൻലാലിനെയും മമ്മൂട്ടിയെയും ജഗദീഷ് തന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. ഉറപ്പ് ലഭിച്ചാൽ ജഗദീഷ് മത്സരത്തിൽ നിന്നും പിൻവാങ്ങും. ഭാരവാഹി സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ വരണമെന്ന് കെബി ഗണേഷ് കുമാർ നേരത്തെ റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു. സ്ത്രീവിരുദ്ധ സംഘടനയാണ് എഎംഎംഎ എന്ന ചർച്ചകളുണ്ടെന്നും അത് മാറണമെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു. പുതിയ സാഹചര്യത്തിൽ സ്ത്രീകൾ നയിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്പത്തിക അച്ചടക്കത്തിൽ ഉൾപ്പെടെ കൂടുതൽ ശ്രദ്ധയുണ്ടാകും. സംഘടനയുടെ പണം ധൂർത്തടിക്കുന്ന കൈകളിലേക്ക് പോകരുത്. ഭൂരിപക്ഷം പേരും തന്റെ അഭിപ്രായത്തോട് യോജിക്കും എന്നാണ് പ്രതീക്ഷ. നേതൃത്വം വനിതകൾ ഏറ്റെടുക്കണം. പ്രധാന പദവികളിൽ സ്ത്രീകൾ വരണം. ഇനിയൊരു മാറ്റം വരട്ടെ എന്നാണ് മോഹൻലാൽ ഒഴിയുമ്പോൾ പറഞ്ഞത്. 'അമ്മ' എന്ന പേര് അന്വർത്ഥമാക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
പ്രമാണിമാർ മാത്രമാണ് മത്സരിക്കുന്നത് എന്ന പ്രചാരണം ഉണ്ടായിരുന്നു. സംഘടനയിൽ ജനാധിപത്യം ഇല്ലെന്ന പ്രചാരണവും ഉണ്ടായിരുന്നു. സ്ത്രീകൾ നേതൃത്വത്തിൽ വന്നാൽ ഇതിനെല്ലാം പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. സംഘടനയെപ്പറ്റി തെറ്റിദ്ധാരണ ഈ സമൂഹത്തിലുണ്ടെന്നും അത് മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ആറുപേരാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത്. ജഗദീഷ്, ശ്വേതാ മേനോൻ, ദേവൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരാണ് ആറ് പേർ. നടൻ ജോയ് മാത്യുവിന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. എന്നാൽ ജോയ് മാത്യുവിൻ്റെ പത്രിക തള്ളിയിരുന്നു.
Content Highlights: Sandra thomas posts in support of jagadish