
പവൻ കല്യാൺ നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് പീരീഡ് സിനിമയാണ് ഹരി ഹര വീരമല്ലു. വളരെ കാലമായി ഷൂട്ടിംഗ് ആരംഭിച്ച സിനിമ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മോശം പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ വിഎഫ്എക്സിനും മേക്കിങ്ങിനും രണ്ടാം പകുതിയ്ക്കും വിമർശനങ്ങൾ ലഭിക്കുന്നുണ്ട്. ബോക്സ് ഓഫീസിലും സിനിമ കൂപ്പുകുത്തുന്ന കാഴ്ചയാണുണ്ടാകുന്നത്.
നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് ചിത്രം ഇതുവരെ നേടിയത് 88.70 കോടിയാണ്. മോശം അഭിപ്രായങ്ങൾ സിനിമയുടെ പ്രകടനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഓവർസീസിൽ നിന്ന് സിനിമ 14 കോടി നേടിയിട്ടുണ്ട്. ഇതോടെ സിനിമയുടെ ആഗോള കളക്ഷൻ 102.70 കോടിയായി എന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. 250 കോടി ബജറ്റിലാണ് സിനിമയൊരുങ്ങിയത്. മോശം പ്രതികരണങ്ങളെത്തുടർന്ന് റീ എഡിറ്റ് ചെയ്ത സിനിമയുടെ പുതിയ പതിപ്പ് കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയിരുന്നു.
ചിത്രത്തിലെ ആക്ഷൻ സീനുകളിലെ കുതിരയുടെ വിഷ്വലുകളിലെ വിഎഫ്എക്സിനും കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. ആദ്യ പകുതി മികച്ച തരത്തിൽ അവതരിപ്പിച്ച സിനിമയുടെ രണ്ടാം പകുതി വളരെ മോശമാണെന്നും കമന്റുകളുണ്ട്. അഞ്ച് വർഷത്തോളമെടുത്ത് ഷൂട്ട് ചെയ്തതിൻ്റെ യാതൊരു ക്വാളിറ്റിയും സിനിമയ്ക്ക് ഇല്ലെന്നും പലരും എക്സിൽ കുറിക്കുന്നുണ്ട്. എന്നാൽ എം എം കീരവാണി നൽകിയ പശ്ചാത്തലസംഗീതത്തിന് കയ്യടികൾ ലഭിക്കുന്നുണ്ട്.
തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങിയത്. കേരളത്തിൽ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് ഈ പവൻ കല്യാൺ സിനിമ വിതരണത്തിനെടുത്തിരിക്കുന്നത്. കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്‍യുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിധി അഗര്‍വാളാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജ്ഞാന ശേഖര്‍ വി എസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ആക്ഷൻ ഒരുക്കുന്നത് നിക്ക് പവല്‍ ആണ്.
എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിൽ അര്‍ജുൻ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എ ദയകര്‍ റാവുവാണ് ചിത്രം നിര്‍മിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.
Content Highlights: Pavan Kalyan film harihara veeramallu struggles at box office