വാതിൽ തുറന്നപ്പോൾ അശോകേട്ടൻ എന്നെ നോക്കി ഒരു ചിരി ചിരിച്ചു; അവിടെ എനിക്ക് അയ്യപ്പനെ കിട്ടി: അഹമ്മദ് കബീർ

'സ്ക്രീൻ ടൈം കുറച്ചേയുള്ളൂ എങ്കിലും റോൾ പവർ ഫുൾ ആണ്. ബാക്കി ഉള്ളവർ അയ്യപ്പനെ പറയുന്നതിലാണ് ആ കഥാപാത്രത്തിന്റെ പവർ'

dot image

മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച കേരള ക്രൈം ഫയല്‍സ് എന്ന സീരീസിന്റെ രണ്ടാം ഭാഗം അടുത്തിടെയാണ് സ്ട്രീമിങ് ആരംഭിച്ചത്. മികച്ച അഭിപ്രായമാണ് സീരിസിന് ലഭിച്ചത്. കിഷ്കിന്ധാകാണ്ഡത്തിന്റെ തിരക്കഥ ഒരുക്കിയ ബാഹുൽ രമേശാണ് കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രചന നിർവഹിച്ചിരിക്കുന്നത്. അഹമ്മദ് കബീറാണ് സംവിധാനം. ഇപ്പോഴിതാ, സീരിസിലേക്ക് അയ്യപ്പൻ എന്ന കഥാപാത്രം ചെയ്യാൻ ഹരിശ്രീ അശോകൻ എത്തിയ കഥ പറയുകയാണ് സംവിധായകൻ.

ഒരിക്കൽ അർജുൻ അശോകനെ കാണാൻ ചെന്നപ്പോൾ ഹരിശ്രീ അശോകൻ ആണ് വാതിൽ തുറന്നതെന്നും അദ്ദേഹത്തെ ആദ്യം കണ്ടത് മുതൽ തന്റെ കഥാപാത്രം ഇങ്ങനെ ആയിരിക്കണമെന്ന ചിന്ത ഉണ്ടായിരുന്നതായും അഹമ്മദ് കബീർ പറഞ്ഞു. സീരിസിന്റെ വിജയം ആഘോഷിക്കുന്ന വേദിയിലാണ് പ്രതികരണം.

'കഥയുടെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ അമ്പിളി രാജു, അയ്യപ്പൻ ഈ രണ്ട് കഥാപാത്രങ്ങൾ. അതിൽ അമ്പിളി രാജു ഇന്ദ്രൻസ് ചെയ്യുമെന്ന് തീരുമാനിച്ചു. ഇനി അയ്യപ്പൻ ആണ്. സ്ക്രീൻ ടൈം കുറച്ചേയുള്ളൂ എങ്കിലും റോൾ പവർ ഫുൾ ആണ്. ബാക്കി ഉള്ളവർ അയ്യപ്പനെ പറയുന്നതിലാണ് ആ കഥാപാത്രത്തിന്റെ പവർ. അതുകൊണ്ട് തന്നെ ഫസ്റ്റ് ഇൻട്രോയിലെ ലുക്ക് തന്നെ പവർഫുൾ ആയിരിക്കണം.

ഒരിക്കൽ അർജുൻ കാണാൻ പഞ്ചാബി ഹൗസ്‌ എന്ന വീട്ടിൽ പോയപ്പോൾ വാതിൽ തുറന്നത് അശോകൻ ചേട്ടൻ ആണ്. പുള്ളി എന്നെ നോക്കി ഒരു ചിരി ചിരിച്ചു. അതിൽ തന്നെ എനിക്ക് ഒരു സ്പാർക് ഉണ്ടായിരുന്നു. നമ്മൾ അത് നോട്ട് ചെയ്യുമല്ലോ. തിരിച്ച് ഇറങ്ങാൻ നേരത്തും ജൂൺ എന്ന സിനിമയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു, ബൈ എന്നൊക്കെ പറയുന്നു.അതിനിടയില്‍ ചേട്ടൻ താടി എടുത്ത, മീശ വെച്ചിട്ടുള്ള ഇപ്പോൾ സീരിസില്‍ നിങ്ങള്‍ കാണുന്ന ലുക്ക് എന്റെ മനസിൽ വരുന്നു. ബാഹുലിനെ ആണ് ഞാൻ ആദ്യം വിളിക്കുന്നത് അശോകൻ ചേട്ടൻ ഈ കഥാപത്രം ചെയ്‌താൽ എങ്ങനെ ഉണ്ടാകുമെന്ന് ചോദിക്കുന്നു അടിപൊളി ആയിരിക്കുമെന്ന് അവനും പറയുന്നു. അശോകൻ ചേട്ടൻ ഈ കഥയിലേക്ക് എത്തുന്നത് അങ്ങനെയാണ്,' അഹമ്മദ് കബീര്‍ പറഞ്ഞു.

കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 ആയ 'ദി സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജു' ജൂണ്‍ 20 നാണ് ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചത്. ആദ്യ സീസണിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അജു വർഗീസ്, ലാൽ എന്നിവർ രണ്ടാം സീസണിലുമുണ്ട്. അവർക്കൊപ്പം അർജുൻ രാധാകൃഷ്ണൻ, ലാൽ, ഹരിശ്രീ അശോകൻ, നൂറിൻ ഷെരീഫ്, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, ജോയ് ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസൻ തുടങ്ങിയവരും രണ്ടാം സീസണിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മികച്ച പ്രതികരണമാണ് സീരിസിന് എല്ലാ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

Content Highlights:  Ahammed Khabeer on Harisree Ashokan's arrival in Kerala Crime Files Season 2

dot image
To advertise here,contact us
dot image