വീട്ടുജോലിക്കാരനില്‍ നിന്ന് പോലും മോശം അനുഭവം; മീടൂ ആരോപണം മുതലുള്ള പീഡനം:ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി

'എൻ്റെ വീട്ടിൽ എനിക്ക് പ്രയാസങ്ങൾ നേരിടുകയാണ്. ആരെങ്കിലും വന്ന് എന്നെ സഹായിക്കൂ'

dot image

സ്വന്തം വീട്ടിൽ വർഷങ്ങളായി മാനസിക പീഡനങ്ങൾ നേരിടുന്നതായി ബോളിവുഡ് നടി തനുശ്രീ ദത്ത. സോഷ്യൽ മീഡിയയിൽ പൊട്ടിക്കരയുന്ന വീഡിയോയിലൂടെ നടി ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. വീട്ടുജോലിക്കാരിൽ നിന്നുപോലും മോശം അനുഭവം ഉണ്ടായെന്നും 2018ലെ മീ ടൂ ആരോപണങ്ങൾ മുതൽക്കേ ഇത് തുടരുന്നുണ്ടെന്നും നടി പറഞ്ഞു. സ്ഥിതിഗതികൾ വളരെ രൂക്ഷമായതോടെ ചൊവ്വാഴ്ച പൊലീസിനെ സമീപിക്കാൻ നിർബന്ധിതയായെന്നും നടി കൂട്ടിച്ചേർത്തു.

'എൻ്റെ സ്വന്തം വീട്ടിൽ ഞാൻ മാനസികമായി പീഡിപ്പിക്കപ്പെടുകയാണ്, എൻ്റെ വീട്ടിൽ പലതരം പ്രശ്നങ്ങൾ നേരിടുകയാണ്. ഞാൻ പൊലീസിനെ വിളിച്ചു. അവർ എന്നോട് പൊലീസ് സ്‌റ്റേഷനിൽ പോയി പരാതി നൽകണമെന്ന് ആവശ്യപ്പെട്ടു. ഒരുപക്ഷേ നാളെ പോയി പരാതി നൽകും, ഞാൻ ഇപ്പോൾ അത്ര നിലയിലല്ല. കഴിഞ്ഞ 4-5 വർഷങ്ങളായി എൻ്റെ വീട്ടിലെ സ്ഥിതിഗതികൾ വഷളായിരിക്കുകയാണ്. എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല, എൻ്റെ വീട് ആകെ കുഴപ്പത്തിലാണ്.

വേലക്കാരികളിൽ നിന്ന് എനിക്ക് വളരെ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവർ അകത്തുകടന്ന് മോഷ്ടിക്കുകയും, എല്ലാത്തരം മോശം കാര്യങ്ങളും ചെയ്യുകയും ചെയ്യുകയാണ്. എനിക്ക് എൻ്റെ തൊഴിൽ ചെയ്യണം. എൻ്റെ വീട്ടിൽ എനിക്ക് പ്രയാസങ്ങൾ നേരിടുകയാണ്. ആരെങ്കിലും വന്ന് എന്നെ സഹായിക്കൂ. മാനസികമായ പീഡനങ്ങൾ കാരണം ഞാൻ രോഗബാധിതയാണ്. 2018ലെ മീ ടൂ ആരോപണങ്ങൾ മുതൽക്കേ ഇത് തുടരുന്നുണ്ട്. ഇന്ന് ഇതെല്ലാം കണ്ട് മടുത്താണ് പൊലീസിനെ വിളിച്ചത്. ഇനിയും വൈകുന്നതിന് മുമ്പ് ആരെങ്കിലും വന്ന് എന്നെ സഹായിക്കൂ,' തനുശ്രീ ദത്ത പറഞ്ഞു.

2009ൽ റിലീസായ 'ഹോൺ ഓകെ പ്ലീസ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നാനാ പടേക്കർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി 2018ൽ തനുശ്രീ ദത്ത എത്തിയിരുന്നു. 2008ൽ തനുശ്രീ സിനി & ടിവി ആർട്ടിസ്റ്റ്സ് അസോസിയേഷനിൽ ഔദ്യോഗികമായി പരാതി നൽകിയെങ്കിലും നിർഭാഗ്യവശാൽ പടേക്കറിനെതിരെ ഒരു നടപടിയും ഉണ്ടായില്ല.

Content Highlights:  Tanushree Dutta says she is facing mental harassment in her own home

dot image
To advertise here,contact us
dot image