ഷാരൂഖ് ഖാൻ സ്റ്റൈലിൽ ആരാധകരെ അഭിസംബോധന ചെയ്ത് സൂര്യ, വൈറലായി വീഡിയോ

നടന്റെ പിറന്നാളിനോട് അനുബന്ധിച്ച് നടന്റെ ഏറ്റവും പുതിയ ചിത്രമായ കറുപ്പിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു

dot image

തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നടനാണ് സൂര്യ. നടൻ തന്റെ 50 -ാം ജന്മദിനം ആഘോഷിക്കുകയാണിപ്പോൾ. പിറന്നാൾ ദിനത്തിൽ വീടിനു മുന്നിൽ തടിച്ചു കൂടിയ ആരാധകരെ മതിലിന് മുകളിൽ കയറി നിന്ന് അഭിസംബോധന ചെയുന്ന നടന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . എല്ലാ പിറന്നാൾ ദിവസവും ബോളിവുഡ് കിംഗ് ഷാരൂഖ് ഖാൻ ഇത്തരത്തിൽ തന്റെ വീടിനു മുകളിൽ നിന്ന് ആരാധകരെ കാണാറുണ്ട്. കോളിവുഡിന്റെ ഷാരൂഖ് ഖാൻ ആണ് സൂര്യ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്.

അതേസമയം, കഴിഞ്ഞ കുറച്ച് കാലമായി ബോക്സ് ഓഫീസിൽ അത്ര നല്ല സമയമല്ല സൂര്യയ്ക്ക്. അടുത്തിടെ ഇറങ്ങിയ സൂര്യയുടെ കങ്കുവയും റെട്രോയും പ്രതീക്ഷിച്ച വിജയം നേടാതെയാണ് പോയത്. നടന്റെ പിറന്നാളിനോട് അനുബന്ധിച്ച് നടന്റെ ഏറ്റവും പുതിയ ചിത്രമായ കറുപ്പിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണം സ്വന്തമാക്കിയ ടീസർ പോലെ തന്നെ സിനിമയും വിജയിക്കുമെന്നാണ് ആരാധകർ പ്രതീഷിക്കുന്നത്.

ഡ്രീം വാരിയേഴ്‌സ് ചിക്‌ചേഴ്‌സ് വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് സൂര്യയുടെ ആരാധകര്‍ കാത്തിരിക്കുന്നത്. എല്‍ കെ ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുപ്പ്. ചിത്രത്തില്‍ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക എന്ന റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നതെന്നും പറയപ്പെടുന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില്‍ കറുപ്പ് അവതരിപ്പിക്കും. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്.

വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. നിരവധി ഗംഭീര ചിത്രങ്ങള്‍ക്ക് പിന്നിലെ ലെന്‍സ്മാന്‍ ജി കെ വിഷ്ണു ദൃശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. കലൈവാനന്‍ ആണ് കറുപ്പിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. അത്ഭുതകരമായ ആക്ഷന്‍ കൊറിയോഗ്രാഫിയിലൂടെ രാജ്യത്തെ മുഴുവന്‍ വിസ്മയിപ്പിച്ച മൂന്ന് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ അന്‍ബറിവ്, വിക്രം മോര്‍ ജോഡികളാണ് കറുപ്പിലെ ഉയര്‍ന്ന നിലവാരമുള്ള ആക്ഷന്‍ സീക്വന്‍സുകള്‍ നിര്‍വഹിച്ചിരിക്കുന്നത്. അവാര്‍ഡ് ജേതാവായ പ്രൊഡക്ഷന്‍ ഡിസൈനര്‍ അരുണ്‍ വെഞ്ഞാറമൂടാണ് ഈ വലിയ ചിത്രത്തിനായി ഗംഭീരമായ സെറ്റുകള്‍ രൂപകല്‍പ്പന ചെയ്തത്.

Content Highlights:  Fans surround actor Suriya's house on his birthday

dot image
To advertise here,contact us
dot image