മിറാഷ് ആദ്യം തീരുമാനിച്ചത് ബോളിവുഡിൽ; നായികയ്ക്ക് പ്രാധാന്യം കൂടുതലുള്ള കാരണം നായകന്മാര്‍ പിൻമാറി: ജീത്തു

'ഞാന്‍ ആസിഫിനോട് സിനിമയെക്കുറിച്ച് പറഞ്ഞു, എന്തെങ്കിലും ചെയ്യാനുള്ള വേഷമാണെങ്കില്‍ നമുക്ക് തീര്‍ച്ചയായും ചെയ്യാമെന്നാണ് ആസിഫ് പറഞ്ഞത്'

dot image

മികച്ച പ്രേക്ഷക -നിരൂപക പ്രശംസ നേടിയ 'കിഷ്കിന്ധാകാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മിറാഷ്. ജീത്തു ജോസഫ് സംവിധാനത്തിൽ എത്തുന്ന സിനിമ ആദ്യം ഹിന്ദിയിൽ ഒരുക്കാനാണ് തീരുമാനിച്ചിരുന്നതെന്ന് സംവിധായകൻ പറയുന്നു. നടന് പ്രാധാന്യമുണ്ടെങ്കിലും നായികയ്ക്കാണ് ആ സിനിമയില്‍ പ്രധാന്യം കൂടുതൽ. അതുകൊണ്ട് സിനിമയിൽ അഭിനയിക്കുന്നതിൽ നിന്ന് ബോളിവുഡ് നടന്മാരിൽ പലരും പിന്മാറിയെന്നും ജീത്തു പറഞ്ഞു. മാതൃഭൂമി വാരാന്തപ്പതിപ്പിനോട് സംസാരിക്കുയായിരുന്നു ജീത്തു.

'മിറാഷില്‍ എന്റേതായ നിര്‍ദേശങ്ങളെല്ലാം ഉള്‍പ്പെടുത്തി ഹിന്ദിയില്‍ ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. നായികാ പ്രാധാന്യമുള്ള കഥയാണ് മിറാഷിന്റേത്. നായനാകുന്ന നടന് അഭിനയ പ്രാധാന്യമുള്ള അവസരങ്ങളുണ്ടെങ്കിലും നായികയ്ക്ക് പ്രാധാന്യം ഒരല്പം കൂടുതലാണ്. അതുകൊണ്ടുതന്നെ ബോളിവുഡിലെ നായകന്മാര്‍ പലരും പിന്മാറി. അങ്ങനെയാണ് ഞങ്ങള്‍ വീണ്ടും മലയാളത്തിലേക്കുതന്നെ എത്തുന്നത്. ഞാന്‍ ആസിഫിനോട് സിനിമയെക്കുറിച്ച് പറഞ്ഞു, എന്തെങ്കിലും ചെയ്യാനുള്ള വേഷമാണെങ്കില്‍ നമുക്ക് തീര്‍ച്ചയായും ചെയ്യാമെന്നാണ് ആസിഫ് പറഞ്ഞത്.

കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടതോടെ മുന്നോട്ടു പോകുകയായിരുന്നു. കോഴിക്കോടും കോയമ്പത്തൂരുമായി നടക്കുന്ന കഥയാണ് മിറാഷിന്റേതെങ്കിലും ഈ രണ്ടു സ്ഥലത്തിനും പുറമേ കാരൈകുടിയും മലയാറ്റൂരുമെല്ലാം സിനിമ ചിത്രീകരിച്ചു. കൂമനുശേഷം ആസിഫുമായി ഒന്നിക്കുന്ന ചിത്രമാണിത്. മിറാഷ് ഒരു ടീം വര്‍ക്കായിരുന്നു അതിന്റെ നേട്ടം സിനിമക്ക് ലഭിച്ചിട്ടുണ്ട്,’ ജീത്തു ജോസഫ് പറഞ്ഞു.

ഏറെ ചർച്ചയായി മാറിയിരുന്ന കൂമൻ എന്ന ചിത്രത്തിന് ശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമെത്തുമ്പോള്‍ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്. ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് മിറാഷിലെ മറ്റു താരങ്ങൾ.

Content Highlights: Jeethu Joseph says Mirash was originally planned to be made in Hindi

dot image
To advertise here,contact us
dot image