'നാൻ ഒരു തടവ സൊന്ന നൂറു തടവ സൊന്ന മാതിരി'; ഒരേ ഒരു സൂപ്പർസ്റ്റാർ ഒരേ ഒരു 'ബാഷ'; റീ റിലീസ് ആഘോഷമാക്കി ആരാധകർ

ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററിനുള്ളിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്

dot image

സൂപ്പർസ്റ്റാർ രജനികാന്തിന്റെ എക്കാലത്തെയും ബ്ലോക്ക്‌ബസ്റ്റർ ചിത്രം 'ബാഷ' കഴിഞ്ഞ ദിവസം റീ റിലീസ് ചെയ്തിരുന്നു. 4K റെസല്യൂഷനിൽ ഡോൾബി അറ്റ്മോസിലാണ് ചിത്രം ഇത്തവണ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. വമ്പൻ വരവേൽപ്പാണ് സിനിമയ്ക്ക് തമിഴ്നാട്ടിൽ ലഭിക്കുന്നത്.

ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററിനുള്ളിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. രജനിയുടെ പഞ്ച് ഡയലോഗുകൾക്കൊത്ത് ആവേശഭരിതരാകുന്ന, പാട്ടുകൾക്കൊപ്പം ചുവടുവെക്കുന്ന ആരാധകരെ വീഡിയോയിൽ കാണാനാകും. തിയേറ്ററിൽ നിന്നുള്ള സീനുകളുടെ ക്ലിപ്പുകളും ആരാധകർ എക്സിലൂടെ പങ്കുവെക്കുന്നുണ്ട്. 1995-ൽ സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ പിറന്ന 'ബാഷ' ഒരു തരംഗമായിരുന്നു. സാധാരണ ഓട്ടോ ഡ്രൈവറായ മാണിക്കത്തിന്റെ മാസ് പരിവേഷമുള്ള ബാഷയിലേക്കുള്ള കൂടുമാറ്റം അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഇളക്കിമറിച്ചിരുന്നു. സിനിമയിലെ "നാൻ ഒരു തടവ സൊന്ന നൂറു തടവ സൊന്ന മാതിരി" എന്ന ഡയലോഗ് ഇന്നും ട്രെൻഡിംഗ് ആണ്.

രഘുവരൻ, നഗ്മ, ദേവൻ, വിജയകുമാർ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരന്നത്. 'ബാഷ'യുടെ തിരക്കഥാ രചന വെറും പത്തു ദിവസത്തിനുള്ളിൽ ആണ് പൂർത്തിയാക്കിയത്. രജനികാന്ത് തന്നെയാണ് ബാഷ എന്ന ടൈറ്റിൽ നിർദ്ദേശിച്ചതും, അതനുസരിച്ച് കഥയിൽ ഒരു മുസ്ലീം പശ്ചാത്തലം കൂട്ടിച്ചേർത്തതും. ചിത്രത്തിലെ വില്ലനായ മാർക്ക് ആന്റണി എന്ന കഥാപാത്രത്തിനായി ആദ്യം ബോളിവുഡിലെ പ്രമുഖ താരങ്ങളെയാണ് പരിഗണിച്ചത്. എന്നാൽ, ഒടുവിൽ രഘുവരൻ എന്ന ലെജൻഡറി നടൻ ഈ വേഷം ഏറ്റെടുത്തത് ചിത്രത്തിന്റെ വിജയത്തിൽ നിർണായകമായി. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും ബാഷയുടെ സ്വാധീനം ഒട്ടും കുറഞ്ഞിട്ടില്ല എന്ന സൂചനയാണ് ഈ റീ റിലീസ് തരുന്നത്. രജനികാന്തിന്റെ കരിയറിലെ ഗെയിം ചേഞ്ചർ എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രം, ഒരു ബോക്സ് ഓഫീസ് വിന്നർ എന്നതിലുപരി ഒരു ഫീലിംഗ് ആണ്.

Content Highlights- Rajini fans celebrate Baasha re release

dot image
To advertise here,contact us
dot image