
ജൂലൈ മാസം സൗത്ത് സിനിമയ്ക്ക് അത്ര നല്ല സമയമല്ല. ചെറിയ വിജയങ്ങൾ ഒഴിച്ച് നിർത്തിയാൽ തമിഴിലും തെലുങ്കിലും മലയാളത്തിലും വമ്പൻ ഹിറ്റുകളൊന്നും ഇല്ലാതെ ജൂലൈ മുന്നോട്ട്പോകുകയാണ്. അതേസമയം, കേരള ബോക്സ് ഓഫീസ് അടക്കം ഇപ്പോൾ ഭരിക്കുന്നത് വമ്പൻ ഹോളിവുഡ് സിനിമകളാണ്. എന്നാൽ ആഗസ്റ്റിൽ വമ്പൻ റിലീസുകളാണ് പുറത്തിറങ്ങാൻ കാത്തിരിക്കുന്നത്.
ആഗസ്റ്റ് 14 ന് രണ്ട് വമ്പൻ റിലീസുകളാണ് പുറത്തിറങ്ങാനിരിക്കുന്നത്. രജനി ചിത്രമായ കൂലിയും ഹൃത്വിക്-രജനി ചിത്രം വാർ 2 ആണ് തിയേറ്ററുകളെ കളറാക്കാൻ ഒരുങ്ങിനിൽക്കുന്ന സിനിമകൾ. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് വാർ 2. തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്.
ഈ ചിത്രങ്ങൾക്ക് പുറകെ ഓണം റിലീസുകൾ കേരള ബോക്സ് ഓഫീസിൽ എത്തും. നിലവിൽ നാല് സിനിമകളാണ് ഓണം റിലീസായി പുറത്തിറങ്ങാനിരിക്കുന്നത്. മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം, ഷെയിൻ നിഗം നായകനായി എത്തുന്ന ബൾട്ടി, മേനേ പ്യാർ കിയാ, ഫഹദ് ഫാസിൽ ചിത്രം ഓടും കുതിര ചാടും കുതിര എന്നിവയാണ് ഓണം റിലീസുകൾ. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വ്വം. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ആഗസ്റ്റ് 28 ന് ഹൃദയപൂര്‍വ്വം തിയേറ്ററിലെത്തും. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന സ്പോർട്സ് ആക്ഷൻ ചിത്രം ആണ് ബൾട്ടി. ഉദയൻ എന്ന നായകകഥാപാത്രമായാണ് സിനിമയിൽ ഷെയിൻ നിഗം എത്തുന്നത്. ഷെയിൻ നിഗത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സലിം ഒരുക്കുന്ന രണ്ടാം ചിത്രമാണ് ഓടും കുതിര ചാടും കുതിര. കല്യാണി പ്രിയദർശൻ, രേവതി പിള്ള തുടങ്ങിയവരും ഭാഗമാകുന്ന സിനിമ ഒരു ഫൺ റോം കോം ആയിട്ടാണ് ഒരുങ്ങുന്നത്. ആഗസ്റ്റ് 29 ന് സിനിമ പുറത്തിറങ്ങും. 'മന്ദാകിനി' എന്ന ഹിറ്റ് സിനിമക്ക് ശേഷം സ്പൈർ പ്രൊഡക്ഷൻസ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മേനേ പ്യാർ കിയാ'. 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്', മുസ്തഫ സംവിധാനം ചെയ്ത 'മുറ' എന്നീ സിനിമകൾക്ക് ശേഷം ഹൃദു ഹാറൂൺ നായകനായി എത്തുന്ന സിനിമ കൂടിയാണിത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഫൈസൽ ഫസിലുദീനാണ്. ഒരു റൊമാന്റിക് കോമഡി ത്രില്ലറായി എത്തുന്ന ചിത്രം ആഗസ്റ്റ് 29 ന് പുറത്തിറങ്ങും.
Content Highlights: coolie, war 2, hridayapoorvam releasing on august