
സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന 'കിംഗ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്ക്. മുംബൈയിലെ ഗോള്‍ഡന്‍ ടുബാക്കോ സ്റ്റുഡിയോയില്‍ സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റതെന്നാണ് വിവരം. പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി യുഎസിലേക്ക് പോയ താരം ഇവിടെനിന്ന് യുകെയിലേക്ക് മാറി. ഇപ്പോള്‍ കുടുംബത്തോടൊപ്പം യുകെയില്‍ വിശ്രമത്തിലാണ് ഷാരൂഖ്. ഒരുമാസത്തെ വിശ്രമം നടന് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് വിവരം.
പരിക്ക് ഗുരുതരമല്ലെന്നും നിലവില്‍ സുഖം പ്രാപിച്ചുവരികയാണെന്നുമാണ് റിപ്പോർട്ടുകൾ. നേരത്തെ, നിശ്ചയിച്ച ശ്രീലങ്കന്‍ യാത്ര മാറ്റിവെച്ചു. സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചു. സെപ്റ്റംബറില്‍ ഷൂട്ടിങ് പുനർ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാന്‍ ആദ്യമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും 'കിങിനുണ്ട്. ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
ചിത്രം അടുത്ത വർഷം അവസാനത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ പ്ലാൻ. വലിയ ബഡ്ജറ്റിൽ ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. കിംഗിൻ്റെ സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗറും പശ്ചാത്തലസംഗീതം ചെയ്യുന്നത് അനിരുദ്ധ് ആണ്. സുജോയ് ഘോഷ് ആയിരുന്നു ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പിന്നീടത് സിദ്ധാർഥ് ആനന്ദ് ഏറ്റെടുക്കുകയായിയുരുന്നു.
Content Highlights: Shah Rukh Khan injured on 'King' sets, Shoot postponed