ഫഹദിന് നഷ്ടം, കയ്യടി എല്ലാം സൗബിന്‍ കൊണ്ട് പോയില്ലേ, കൂലിയിൽ ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ

ആവേശത്തിലെ ഫഹദിന്റെ തീപ്പൊരി ഡാൻസ് പോലെ മറ്റൊരു വെടിച്ചില്ല് ഐറ്റം മിസ് ആയി പോയതിന്റെ നിരാശ ആരാധകർക്കുണ്ട്

dot image

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന കൂലി ഈ വർഷത്തെ ഏറ്റവും പ്രതിക്ഷയുണർത്തുന്ന സിനിമകളിൽ ഒന്നാണ്. ലിയോ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ലോകേഷ് ഒരുക്കുന്ന സിനിമ ആഗസ്റ്റ് 14 ന് തിയേറ്ററിലെത്തും. ചിത്രത്തിൽ രജനികാന്തിനൊപ്പം സൗബിൻ ഷാഹിറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ സൗബിന് പകരം ആദ്യം താൻ മനസ്സിൽ കണ്ടിരുന്നത് ഫഹദ് ഫാസിൽ ആണെന്ന് പറയുകയാണ് ലോകേഷ് കനകരാജ്. റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ചിത്രത്തിലെ ഒരു പ്രധാന വേഷത്തിനായി ഫഹദ് ഫാസിലിനെയാണ് ഞാൻ ആദ്യം തിരഞ്ഞെടുത്തത്. എന്നാൽ, ഷെഡ്യൂളിലെ ചില പ്രശ്നങ്ങൾ കാരണം,അത് നടന്നില്ല. സൗബിൻ ഷാഹിർ അവതരിപ്പിച്ച കഥാപാത്രം ഫഹദ് ഫാസിലിനു വേണ്ടിയാണ് ആദ്യം എഴുതിയത്. ഫഹദിനെ കഥാപാത്രത്തിനായി സമീപിച്ചിരുന്നു. ഫഹദിനെ അഭിനയിപ്പിക്കുന്നതിനായി ആറ് മാസത്തോളം ആ വേഷം വികസിപ്പിക്കാൻ ചെലവഴിച്ചു. എന്നാൽ ഫഹദ് മറ്റ് പ്രോജക്ടുകളിൽ ഇതിനകം തന്നെ ഏർപ്പെട്ടിരുന്നതിനാൽ, അദ്ദേഹത്തിന് ആ ഓഫർ നിരസിക്കേണ്ടിവന്നു,' ലോകേഷ് പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസമാണ് കൂലിയിലെ മോണിക്ക പാട്ട് റിലീസ് ചെയ്തത്. ഗാനത്തിലെ സൗബിന്റെ ഡാൻസിന് ഏറെ പ്രശംസകൾ ലഭിച്ചിരുന്നു. പൂജയൊക്കെ സൈഡായി, കയ്യടി മുഴുവൻ സൗബിൻ കൊണ്ടുപോയി എന്നായിരുന്നു ആരാധകരുടെ കമന്റുകൾ. അതേസമയം, ആവേശത്തിലെ ഫഹദിന്റെ തീപ്പൊരി ഡാൻസ് പോലെ മറ്റൊരു വെടിച്ചില്ല് ഐറ്റം മിസ് ആയി പോയതിന്റെ നിരാശ ആരാധകർക്കുണ്ട്. എന്നാലും സൗബിന്റെ പ്രകടനത്തിൽ സംതൃപ്തരാണ് ആരാധകർ.

കൂലിയുടെ ഡബ്ബിങ് കഴിഞ്ഞ ശേഷം രജനികാന്ത് തന്നെ കെട്ടിപ്പിടിച്ചെന്നും മണിരത്‌നം ചിത്രം 'ദളപതി' സിനിമ കണ്ട പോലെ തോന്നിയെന്നും പറഞ്ഞതായി ലോകേഷ് അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയിൽ 15 മിനിറ്റോളം നേരമാണ് ആമിർ ഖാൻ പ്രത്യക്ഷപ്പെടുക.

നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlights: Lokesh Kanagaraj says he approached Fahadh Faasil for coolie

dot image
To advertise here,contact us
dot image