'ലിയോയുടെ വിജയമാണ് എനിക്ക് ഈ പ്രതിഫലം ലഭിക്കാൻ കാരണം'; കൂലിയ്ക്കായി റെക്കോർഡ് തുക നേടി ലോകേഷ് കനകരാജ്

'കഴിഞ്ഞ രണ്ട് വർഷം പൂർണമായും കൂലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുവേണ്ടിയാണ് ചിലവഴിച്ചത്'

dot image

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന കൂലി ഈ വർഷത്തെ ഏറ്റവും പ്രതിക്ഷയുണർത്തുന്ന സിനിമകളിൽ ഒന്നാണ്. ലിയോ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ലോകേഷ് ഒരുക്കുന്ന സിനിമ ആഗസ്റ്റ് 14 ന് തിയേറ്ററിലെത്തും. ചിത്രത്തിൽ രജനികാന്തിനൊപ്പം നാഗാർജുനയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വില്ലൻ വേഷത്തിലാണ് നടൻ സിനിമയിൽ എത്തുന്നത്. ചിത്രത്തിനായി തനിക്ക് ലഭിച്ച പ്രതിഫലത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് ലോകേഷ് കനകരാജ്.

ചിത്രത്തിനായി തനിക്ക് 50 കോടി രൂപയാണ് പ്രതിഫലം ലഭിച്ചതെന്ന് ലോകേഷ് പറഞ്ഞു. മുൻ ചിത്രമായ ലിയോയുടെ വലിയ വിജയമാണ് ഈ തുക പ്രതിഫലമായി ലഭിക്കാൻ കാരണമായതെന്നും ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ലോകേഷ് പറഞ്ഞു. 'രജനികാന്ത് സാറിന്റെ ശമ്പളത്തെക്കുറിച്ച് എനിക്കൊന്നും പറയാൻ കഴിയില്ല. അതിനെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആളല്ല. എന്നാൽ 50 കോടി രൂപ എന്റെ ശമ്പളമാണ്. മുൻ ചിത്രമായ ലിയോയുടെ വലിയ വിജയമാണ് ഈ തുക പ്രതിഫലമായി ലഭിക്കാൻ കാരണമായത്.

600 കോടിയിലധികം രൂപയാണ് ലിയോയുടെ കളക്ഷൻ. മുമ്പ് എനിക്ക് ലഭിച്ചതിനേക്കാൾ ഇരട്ടി തുകയാണ് ഇപ്പോൾ ഞാൻ നേടുന്നത്. ഈ നിലയിൽ എത്താൻ സഹിച്ച ത്യാഗങ്ങളെക്കുറിച്ച് എനിക്ക് പരാതികളൊന്നുമില്ല. കഴിഞ്ഞ രണ്ട് വർഷം പൂർണമായും കൂലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുവേണ്ടിയാണ് ചിലവഴിച്ചത്. അത് എന്റെ ഉത്തരവാദിത്വമാണ്', ലോകേഷ് പറഞ്ഞു.

കൂലിയുടെ ഡബ്ബിങ് കഴിഞ്ഞ ശേഷം രജനികാന്ത് തന്നെ കെട്ടിപ്പിടിച്ചെന്നും മണിരത്‌നം ചിത്രം 'ദളപതി' സിനിമ കണ്ട പോലെ തോന്നിയെന്നും പറഞ്ഞതായി ലോകേഷ് അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയിൽ 15 മിനിറ്റോളം നേരമാണ് ആമിർ ഖാൻ പ്രത്യക്ഷപ്പെടുക.

നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlights: Lokesh talks about the rumenaration received for coolie

dot image
To advertise here,contact us
dot image