സ്റ്റണ്ട് സീനുകളിൽ പ്രഗത്ഭൻ, മുൻകരുതലുകള്‍ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടമായി: പാ രഞ്ജിത്ത്

'ഞങ്ങളുടെ സ്റ്റണ്ട് ഡയറക്ടർ ദിലീപ് സുബ്ബരായന്റെ സഹായത്തോടെ എല്ലാ പ്രോട്ടോകോളുകളും പാലിച്ചാണ് സ്റ്റണ്ട് സീനുകൾ എടുക്കുന്നത്'

dot image

തന്റെ സിനിമയുടെ ചിത്രീകരണത്തിനിടെ മരണപ്പെട്ട സ്റ്റണ്ട്മാൻ മോഹന്‍രാജിന്‍റെ(രാജു) വിയോഗത്തിൽ വിശദീകരണവുമായി സംവിധായകൻ പാ രഞ്ജിത്ത്. സ്റ്റണ്ട് ടീമിലെ സഹപ്രവർത്തകരും ക്രൂവിലെ ഞങ്ങളെല്ലാവരും

ഏറെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയാണ് മോഹൻ രാജെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നു എന്നും പാ രഞ്ജിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു. എല്ലാ തയ്യാറെടുപ്പുകളും മുൻകരുതലുകളും ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. ഒരു മികച്ച സ്റ്റണ്ട് ആർട്ടിസ്റ്റ് എന്ന നിലയിൽ അദ്ദേഹം ഓർമ്മിക്കപ്പെടുമെന്നും പാ രഞ്ജിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.

പാ രഞ്ജിത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പൂർണരൂപം:

ജൂലൈ 13 ന് രാവിലെ, തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ "വേട്ടുവം" എന്ന സിനിമയുടെ സെറ്റുകളിൽ വച്ച്, അപ്രതീക്ഷിതമായി സ്റ്റണ്ട് ആർട്ടിസ്റ്റും ദീർഘകാല സഹപ്രവർത്തകനുമായ ശ്രീ മോഹൻ രാജിനെ ഞങ്ങൾക്ക് നഷ്ടമായി. അദ്ദേഹത്തിന്റെ ഭാര്യയുടെയും കുട്ടികളുടെയും അദ്ദേഹത്തിന്റെ അറിയുന്നവരുടെയും വേദനയിൽ ഞങ്ങൾ പങ്കുചേരുന്നു. വിശദമായ ആസൂത്രണവും, ജാഗ്രതയും, പ്രാർത്ഥനയുമായി തുടങ്ങിയ ഒരു ദിവസം അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തിൽ അവസാനിച്ചു. ഇത് ഞങ്ങളെ എല്ലാവരെയും ഞെട്ടലിലേക്കും ഹൃദയഭേദകമായ നിലയിലേക്കുമാണ് തള്ളിവിട്ടിരിക്കുന്നത്. സ്റ്റണ്ട് ടീമിലെ സഹപ്രവർത്തകരും ക്രൂവിലെ ഞങ്ങളെല്ലാവരും വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയാണ് മോഹൻ രാജ്. സ്റ്റണ്ട് സീനുകൾ ചെയ്യുന്നതിൽ അദ്ദേഹം പ്രഗത്ഭനായിരുന്നു.

ഞങ്ങളുടെ സ്റ്റണ്ട് ഡയറക്ടർ ദിലീപ് സുബ്ബരായന്റെ സഹായത്തോടെ എല്ലാ പ്രോട്ടോകോളുകളും സ്വീകരിച്ചുകൊണ്ടാണ് സ്റ്റണ്ട് സീനുകൾ എടുക്കുന്നത്. എന്നാൽ എല്ലാ തയ്യാറെടുപ്പുകളും മുൻകരുതലുകളും ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. അദ്ദേഹത്തിന് ഞങ്ങളുടെ ബഹുമാനവും സ്നേഹവും ആരാധനയും എപ്പോഴും ഉണ്ടായിരിക്കും. ഒരു മികച്ച സ്റ്റണ്ട് ആർട്ടിസ്റ്റ് ആയിരുന്നു അദ്ദേഹം. അങ്ങനെ തന്നെ അദ്ദേഹം എപ്പോഴും നമ്മുടെ ഓർമ്മയിൽ നിലനിൽക്കും.

കാര്‍ മറിക്കുന്ന ഒരു സാഹസിക രംഗത്തിന്‍റെ ചിത്രീകരണത്തിനിടയിലാണ് മോഹന്‍രാജിന്‍റെ മരണത്തിന് ഇടയാക്കിയ അപകടം ഉണ്ടായത്. ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. തുടർന്ന് സിനിമാ സെറ്റുകളിൽ സുരക്ഷാ ഓഡിറ്റിംഗ് നടത്തണമെന്നും സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമകളുടെ നിർമ്മാണ ചെലവ് കുറയ്ക്കാൻ സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തി. സംഭവത്തില്‍ പാ രഞ്ജിത്തിനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസ് എടുക്കണമെന്നും അഖിലേന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. രാജുവിന്‍റെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം നിര്‍മ്മാതാക്കള്‍ നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Director Pa Ranjith about death of stuntman Raju, who died during the shooting of his film

dot image
To advertise here,contact us
dot image