
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. ചിത്രത്തിൽ രജനികാന്തിനൊപ്പം നാഗാർജുനയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വില്ലൻ വേഷത്തിലാണ് നടൻ സിനിമയിൽ എത്തുന്നത്. രജനികാന്തിനെക്കാൾ താൻ കൺവിൻസ് ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടിയത് നാഗാർജുനയെ ആണെന്നും അദ്ദേഹത്തിന്റെ 40 വർഷത്തെ കരിയറിൽ ഇതുവരെ വില്ലൻ വേഷം ചെയ്തിട്ടില്ലെന്നും ലോകേഷ് പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം തുറന്ന് പറഞ്ഞത്.
'രജനികാന്ത് സാറിനെക്കാളും നാഗാർജുനയെ കൺവിൻസ് ചെയ്യാനായിരുന്നു ഏറ്റവും ബുദ്ധിമുട്ടിയത്. നാഗാർജുന സാർ ഇതുവരെ അദ്ദേഹത്തിന്റെ കരിയറിൽ വില്ലൻ വേഷങ്ങൾ ചെയ്തിട്ടില്ല. പക്ഷെ അദ്ദേഹം ഒരുപാട് ആസ്വാദിച്ചാണ് കൂലിയിലെ റോൾ ചെയ്തത്. അതെനിക്ക് കാണാമായിരുന്നു. നല്ലവനായ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ നമുക്ക് ഇപ്പോഴും ഒരു ലിമിറ്റ് ഉണ്ടാകും, അതിനെ ബ്രേക്ക് ചെയ്യുക പ്രയാസമാണ്. പക്ഷെ വില്ലൻ കഥാപാത്രമാകുമ്പോൾ നമുക്ക് എന്ത് വേണമെങ്കിലും ചെയ്യാം.'
'തിരക്കഥയിൽ എന്തെങ്കിലും അസഭ്യമായ വാക്കുകൾ വരുമ്പോൾ അദ്ദേഹം എന്നെ നോക്കി 40 വർഷത്തെ കരിയറിൽ ഇത്തരം വാക്കുകൾ പറഞ്ഞിട്ടില്ലെന്ന് പറയും. സാറിന്റെ കുടുംബം ഈ സിനിമ കണ്ടിട്ട് എന്താകും പറയുക എന്ന് ഞാൻ ഒരിക്കൽ നാഗ് സാറിനോട് ചോദിച്ചു. എനിക്കറിയില്ല കാത്തിരുന്നു കാണാം എന്നാണ് അദ്ദേഹം പറഞ്ഞത്', ലോകേഷ് പറഞ്ഞു.
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ചിത്രം ആഗസ്റ്റ് 14 നാണ് തിയേറ്ററിൽ എത്തുന്നത്. ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: Convincing nagarjuna was a tough task in coolie says lokesh