
നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് 'അഖണ്ഡ 2'. 2021 ൽ പുറത്തിറങ്ങിയ 'അഖണ്ഡ'യുടെ രണ്ടാം ഭാഗമാണിത്. ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാലയ്യയുടെ കരിയറിലെ വലിയ പ്രതീക്ഷയോടെ എത്തുന്ന സിനിമയാണ്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തുന്നത്. ചിത്രം സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്നാണ് നേരത്തെ അറിയച്ചതെങ്കിലും ഇപ്പോഴിതാ റിലീസ് മാറ്റിവെച്ചെന്നാണ് റിപ്പോർട്ട്.
സെപ്റ്റംബർ 25 ന്നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചതെങ്കിലും അന്നേ ദിവസം പവൻ കല്യാൺ ചിത്രമായ 'ഒജി'യും റിലീസിന് ഒരുങ്ങുന്നുണ്ട്. ഇതിനാലാണ് സിനിമയുടെ റിലീസ് വൈകുന്നതെന്നാണ് റിപ്പോർട്ട്. നിലവിൽ ചിത്രം ഡിസംബറിലോ പൊങ്കൽ റിലീസായി ജനുവരിയിലോ പുറത്തിറങ്ങുമെന്നാണ് ട്രാക്കർമാർ സൂചിപ്പിക്കുന്നത്. സിനിമയുടെ തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ ഡബ്ബിംഗ് ബാലകൃഷ്‍ണ പൂർത്തിയാക്കിയിട്ടുണ്ട്. നേരത്തെ സിനിമയുടെ ടീസർ പുറത്തുവന്നിരുന്നു. ഒരു മാസ് മസാല ആക്ഷൻ ചിത്രമാകും രണ്ടാം ഭാഗമെന്ന സൂചനയാണ് ടീസർ നൽകുന്നത്. റിലീസിന് പിന്നാലെ ടീസറിലെ ഒരു രംഗം വലിയ തോതിൽ ട്രോൾ ഏറ്റുവാങ്ങിയിരുന്നു. ടീസറിൽ ബാലയ്യയുടെ കഥാപാത്രം തന്റെ കയ്യിലുള്ള ശൂലം ഉപയോഗിച്ച് വില്ലന്മാരെ കറക്കി കൊല്ലുന്നതും അവരെയെല്ലാം അതുപയോഗിച്ച് പൊക്കി എടുക്കുന്നതുമാണ് ട്രോളിന് ഇരയായിരിക്കുന്നത്.
പ്രഗ്യാ ജെയ്സ്വാള്‍ ആണ് അഖണ്ഡ 2 വിൽ നായികയായി എത്തുന്നത്. ബോയപതി ശ്രീനുവും ബാലയ്യയും നേരത്തെ ഒന്നിച്ച സിംഹ, ലെജന്‍റ് എന്നീ ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളായിരുന്നു. ബാലയ്യ നായകനായി എത്തി അവസാനം പുറത്തിറങ്ങിയ ഡാക്കു മഹാരാജ് വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ബോബി കൊല്ലി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ബോക്സ് ഓഫീസിലും മുന്നേറ്റമുണ്ടാക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നു. 156 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഭഗവന്ത് കേസരി, വീര സിംഹ റെഡ്ഡി, അഖണ്ഡ 1 എന്നിവയാണ് ബാലയ്യയുടെ അടുത്തിടെ 100 കോടി ക്ലബിലെത്തിയ മറ്റ് ചിത്രങ്ങള്‍.
Content Highlights: Akhanda 2 release delayed due to OG release