
ഏറ്റവും മനോഹരമായി സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ്- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ 'ഉദയനാണ് താരം'. മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഉദയഭാനുവിന്റെയും സരോജ്‌കുമാർ എന്ന രാജപ്പന്റെയും സിനിമയിലൂടെയുള്ള യാത്രയെ വളരെ മികച്ചതായിട്ടായിരുന്നു റോഷൻ ആൻഡ്രൂസ് അവതരിപ്പിച്ചത്.
ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ സിനിമ 20 വർഷത്തിന് ശേഷം റീ റിലീസ് ചെയ്യുകയാണ്. ജൂലൈ 18 ന് സിനിമ തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിലെ 'കരളേ കരളിന്റെ കരളേ', എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. കൈതപ്രത്തിന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതവും വിനീത് ശ്രീനിവാസന്‍ റിമി ടോമി എന്നിവര്‍ ആലപിക്കുകയും ചെയ്ത ഹിറ്റ് ഗാനമണിത്. മീന, മുകേഷ്, ജഗതി ശ്രീകുമാർ, ഇന്ദ്രൻസ്, സലിം കുമാർ എന്നിവരായിരുന്നു സിനിമയിലെ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.
ശ്രീനിവാസനായിരുന്നു സിനിമക്കായി കഥയും തിരക്കഥയും ഒരുക്കിയത്. ചിത്രത്തിലെ കോമഡി രംഗങ്ങളും പാട്ടുകളും ഇന്നും ജനപ്രിയമാണ്. 4K ഡോൾബി അറ്റ്‌മോസിന്‍റെ സഹായത്തിൽ പുത്തൻ സാങ്കേതിക വിദ്യയുടെ മേന്മയോടെ ആകും ഉദയനാണ് താരം റീ റിലീസിനെത്തുക. മോഹൻലാലിൻറെ സിനിമകളായ സ്ഫടികവും മണിച്ചിത്രത്താഴും ദേവദൂതനും നേരത്തെ റീ റിലീസ് ചെയ്യുകയും തിയേറ്ററിൽ നിന്ന് മികച്ച പ്രതികരണങ്ങളും കളക്ഷനും നേടിയിരുന്നു.
ഷാഹിദ് കപൂർ, പൂജ ഹെഗ്‌ഡെ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ബോളിവുഡ് സിനിമയായ ദേവയാണ് ഇനി പുറത്തിറങ്ങാനുള്ള റോഷൻ ആൻഡ്രൂസ് ചിത്രം. റോഷന്റെ ആദ്യ ബോളിവുഡ് സിനിമയാണിത്. ബോബി - സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം 2025 ജനുവരി 31 ന് റിലീസിനെത്തും. ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിട്ടാണ് ദേവയൊരുങ്ങുന്നത്. ചിത്രം മലയാള സിനിമയായ മുംബൈ പൊലീസിന്റെ റീമേക്ക് ആണെന്ന് മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു.
Content Highlights: Udayanan Thaaram movie 'karalinte karale ' song out now