
സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ. തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്സനൽ മാനേജർ ഇല്ലെന്നും, ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കുന്നു. എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും, സഹകരണങ്ങളും, പ്രൊഫഷനൽ കാര്യങ്ങളും താൻ നേരിട്ടോ അല്ലെങ്കിൽ സ്വന്തം നിർമ്മാണ കമ്പനിയായ യുഎംഎഫ് വഴിയോ ആണ് കൈകാര്യം ചെയ്യുന്നതെന്നും താരം പറഞ്ഞു.
തന്നെക്കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വ്യക്തികളോടും പ്ലാറ്റ്‌ഫോമുകളോടും മാറി നിൽക്കണമെന്ന് ശക്തമായി അഭ്യർഥിക്കുന്നു. അത്തരം തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുന്നതു കണ്ടാൽ അവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
നേരത്തെ മുന്‍ മാനേജറെന്ന് അവകാശപ്പെടുന്ന വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചുവെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഇതിനെത്തുടർന്ന് ഉണ്ണി മുകുന്ദനെ പൊലീസ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് നടനെ ചോദ്യം ചെയ്തത്. താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദന്‍ മൊഴിയിലും ആവര്‍ത്തിച്ചു. കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമായിരുന്നുവെന്നും മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. സംഭവത്തില്‍ നേരത്തെ സിനിമാ സംഘടനകള്‍ ഇടപെടുകയും ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തിരുന്നു.
Content Highlights: I don't have a manager says Unni Mukundan