
താരങ്ങളെ നേരിൽ കാണാനുള്ള ആരാധകരുടെ ശ്രമങ്ങൾ എപ്പോഴും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. അത്തരത്തിൽ പ്രിയ നടന്മാരെ കണ്ട നിരവധി പേരുടെ വീഡിയോകൾ പുറത്തുവന്നിട്ടുമുണ്ട്. ഇപ്പോഴിതാ സാക്ഷാൽ മോഹൻലാലിനെ കൺകുളിർക്കെ കണ്ട രാഘവൻ എന്നയാളുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു മോഹൻലാലിനെ കാണണമെന്ന ആഗ്രഹം രാഘവൻ ചേട്ടൻ അറിയിച്ചത്. 'എന്റെ പേര് രാഘവൻ നായർ. ഞാൻ മോഹൻലാലിന്റെ ആരാധകനാണ്. 96 വയസുണ്ട്. എനിക്ക് മോഹൻലാലിനെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്', എന്നായിരുന്നു അദ്ദേഹം വീഡിയിൽ പറഞ്ഞത്. ഇത് ശ്രദ്ധയിൽപ്പെട്ട മോഹൻലാൽ പ്രതികരണവുമായി എത്തി. 'പ്രിയപ്പെട്ട രാഘവൻ ചേട്ടാ..ഞാൻ ചേട്ടന്റെ വീഡിയോ കണ്ടു. എന്നെ വളരെ ഇഷ്ടമാണെന്നും എന്റെ സിനിമകൾ കാണുന്നതായിട്ടൊക്കെ പറയുന്നത് കേട്ടു. ഒരുപാട് സന്തോഷം ഒരുപാട് സ്നേഹം. പ്രാർത്ഥനകൾ. എപ്പോഴെങ്കിലും എനിക്കും അങ്ങയെ കാണാനുള്ള ഭാഗ്യം ഉണ്ടാകട്ടെ', എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
ഒടുവിൽ രാഘവൻ ചേട്ടനും മോഹൻലാലും കണ്ടുമുട്ടുകയും ചെയ്തു. മോഹൻലാലിനെ കണ്ട് വാതോരാതെ സംസാരിക്കുന്ന രാഘവൻ ചേട്ടന്റെ വീഡിയോയും പുറത്തുവന്നിരിക്കുകയാണ്. തുടരും സിനിമയുടെ റിലീസ് വേളയില്‍ കട്ടൗട്ടിനൊപ്പം എടുത്ത ഫോട്ടോയും അദ്ദേഹത്തിന്റെ ബന്ധുക്കൾ മോഹൻലാലിനെ കാണിക്കുന്നുണ്ട്. പിന്നാലെ ഒരുമിച്ച് ഫോട്ടോയും എടുത്ത ശേഷമാണ് രാഘവൻ ചേട്ടനെ മോഹൻലാൽ മടക്കി അയച്ചത്. മോഹന്‍ലാലിനെ നേരിട്ട് കാണാന്‍ മാത്രമല്ല, സംസാരിക്കാനും വിശേഷങ്ങള്‍ പങ്കുവെക്കാനും ഫോട്ടോ എടുക്കാനുമെല്ലാം കഴിഞ്ഞതിന്‍റെ ഇരട്ടി സന്തോഷത്തിലാണ് രാഘവന്‍ ചേട്ടന്‍. മോഹന്‍ലാലും രാഘവന്‍ ചേട്ടനും ഒന്നിച്ചുള്ള വീഡിയോ മോഹന്‍ലാല്‍ ഫാന്‍സ് ആഘോഷിക്കുകയാണ്.
Content Highlights: 96 old Mohanlal fan meets actor video goes viral