
ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത കുബേര മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഗംഭീര പ്രകടനമാണ് സിനിമയിൽ ധനുഷ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അഭിപ്രായങ്ങൾ. തമിഴ്നാട്ടിൽ ചിത്രത്തിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെങ്കിലും ആഗോള ബോക്സ് ഓഫീസിൽ സിനിമ മികച്ച കളക്ഷൻ ആണ് നേടുന്നത്. എന്നാൽ ധനുഷിന് മുൻപ് കുബേരയിലേക്ക് വിജയ് ദേവരകൊണ്ടയെ സമീപിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ധനുഷ് അവതരിപ്പിച്ച 'ദേവ' എന്ന ഭിക്ഷക്കാരന്‍റെ വേഷം ചെയ്യാനാണ് വിജയ് ദേവരകൊണ്ടയെ സംവിധായകൻ സമീപിച്ചത്. എന്നാൽ, 'ലൈഗർ' എന്ന ചിത്രത്തിലെ പരാജയത്തിനു ശേഷം, വീണ്ടും ഒരു ദരിദ്ര വേഷം ചെയ്യുന്നത് ആരാധകർക്ക് ഇഷ്ടപ്പെടില്ലെന്ന് കരുതി വിജയ് ഈ ഓഫർ നിരസിച്ചതായാണ് റിപ്പോർട്ടുകൾ. വിജയ് ദേവരകൊണ്ടയുടെ അവസാനം ഇറങ്ങിയ 'ഡിയർ കോമ്രേഡ്', 'ലൈഗർ', 'ദി ഫാമിലി സ്റ്റാർ' തുടങ്ങിയ ചിത്രങ്ങള്‍
പരാജയമായിരുന്നു. അല്ലെങ്കിലും ധനുഷ് ചെയ്ത് വെച്ച പോലെ ആ വേഷം വിജയ് ദേവരകൊണ്ടയ്ക്ക് ചെയ്യാൻ പറ്റില്ലെന്നും, ഓഫർ നിരസിച്ചത് നന്നായി എന്നുമാണ് ചില ആരാധകരുടെ കമന്‍റ്.
അതേസമയം, ആഗോള തലത്തിൽ കുബേര 124.60 കോടി രൂപയിലധികം ഗ്രോസ് കളക്ഷൻ നേടിയപ്പോള്‍ വിദേശത്ത് നിന്ന് മാത്രം ഇതുവരെ 30.80 കോടിയോളം നേടിയിട്ടുണ്ട്. പുറത്തിറങ്ങി അഞ്ച് ദിവസം കൊണ്ടാണ് കുബേര 100 കോടി പിന്നിട്ടത്. ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന് നിരൂപകരും വലിയ പ്രശംസയാണ് നൽകുന്നത്. ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചത്. വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് ആണ് ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത്. ആദ്യ ദിനം ആഗോള ഗ്രോസ് ആയി 30 കോടിയോളം സ്വന്തമാക്കിയ ചിത്രം, രണ്ടാം ദിനം കൊണ്ട് തന്നെ 50 കോടി ക്ലബിലും ഇടം പിടിച്ചു.
തമിഴിലും തെലുങ്കിലുമായി ഒരുക്കിയ ചിത്രം ഇന്ത്യക്ക് പുറമെ വിദേശത്തും വമ്പൻ പ്രതികരണമാണ് നേടുന്നത്. നോർത്ത് അമേരിക്കയിൽ ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസ്സർ ആയി കുബേര മാറിയെന്നാണ് റിപ്പോർട്ട്. എന്നാൽ മികച്ച പ്രതികരണം നേടിയിട്ടും സിനിമയ്ക്ക് തമിഴ്നാട്ടിൽ കളക്ഷൻ നേടാൻ സാധിക്കാത്തത് ഏവരെയും അത്ഭുതപ്പെടുത്തുന്നുണ്ട്.
Content Highlights: Reports say Vijay Deverakonda was initially considered for Kubera instead of Dhanush