
Jul 24, 2025
09:16 PM
ലോകത്താകമാനം ആരാധകരുള്ള സിനിമ ഫ്രാഞ്ചൈസി ആണ് ജെയിംസ് ബോണ്ട്. 2021 ൽ പുറത്തിറങ്ങിയ 'നോ ടൈം ടു ഡൈ' ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം. ഡാനിയേൽ ക്രെയ്ഗ് ആണ് സിനിമയിൽ ജെയിംസ് ബോണ്ട് ആയി എത്തിയത്. ഡാനിയേൽ ക്രെയ്ഗിൻ്റെ അവസാനത്തെ ജെയിംസ് ബോണ്ട് സിനിമയായിരുന്നു ഇത്. തുടർന്ന് ആരാണ് അടുത്ത ജെയിംസ് ബോണ്ടിനെ അവതരിപ്പിക്കുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ ചൂടുപിടിച്ച് നടന്നിരുന്നു. ഇപ്പോഴിതാ അടുത്ത സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് പുറത്തുവരുകയാണ്.
ഡ്യൂൺ എന്ന സൂപ്പർഹിറ്റ് സിനിമയൊരുക്കിയ ഡെനി വില്ലെനൊവ്വ ആണ് ഇനി വരാനിരിക്കുന്ന 26ാമത് ജെയിംസ് ബോണ്ട് ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. ആമസോൺ എംജിഎം നിർമിക്കുന്ന ആദ്യ ജെയിംസ് ബോണ്ട് ചിത്രം കൂടിയാണിത്. വില്ലെനൊവ്വയുടെ ഭാര്യ ടാന്യ ലാപോയിന്റ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകും. 2022-ൽ, ആമസോൺ , എംജിഎം കമ്പനിയെ സ്വന്തമാക്കിയതിന് ശേഷം നിർമിക്കുന്ന ആദ്യ ജെയിംസ് ബോണ്ട് ചിത്രമാണിത്. എമി പാസ്കലും ഡേവിഡ് ഹെയ്‌മാനുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ. സിനിമയുടെ നിർമാണം എപ്പോൾ ആരംഭിക്കുമെന്നത് വ്യക്തമല്ല.
ആരോൺ ടെയ്‌ലർ-ജോൺസൺ, തിയോ ജെയിംസ്, ജെയിംസ് നോർട്ടൺ എന്നിവരുടെ പേരുകൾ അടുത്ത ജെയിംസ് ബോണ്ടായി ഉയർന്ന് കേൾക്കുന്നുണ്ട്. അതേസമയം, നിലവിൽ ഡെനി വില്ലെനൊവ്വ ഡ്യൂൺ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണത്തിന് ഒരുങ്ങുകയാണ്. ഈ സിനിമ പൂർത്തിയായതിന് ശേഷമാകും ജെയിംസ് ബോണ്ട് സിനിമയിലേക്ക് കടക്കുക. എംജിഎമ്മിനെ ആമസോൺ സ്വന്തമാക്കിയതോടെ ഭാവിയിലെ എല്ലാ ജെയിംസ് ബോണ്ട് ചിത്രങ്ങളും വിതരണം ചെയ്യാനുള്ള അവകാശം ആമസോണിന് അനുവദിച്ചിരുന്നു. എന്നാൽ ആമസോൺ എക്സിക്യൂട്ടീവുമാരും ബോണ്ടിന്റെ നിർമാതാക്കളായ മൈക്കൽ ജി. വിൽസണും ബാർബറ ബ്രോക്കോളിയും തമ്മിലുള്ള തർക്കം കാരണമാണ് ചിത്രത്തിനായുള്ള ചർച്ച നീണ്ടുപോയത്.
Content Highlights: James Bond next movie to be directed by Denis Villeneuve