
ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് സംവൃത സുനിൽ. മാണിക്യക്കല്ല്, അരികെ, സ്വപ്ന സഞ്ചാരി, ഡയമണ്ട് നെക്ലേസ്, ചോക്ലേറ്റ്, തിരക്കഥ, അറബിക്കഥ തുടങ്ങി നിരവധി ഹിറ്റുകളുടെ ഭാഗമാണ് നടി. അയാളും ഞാനും തമ്മില്‍ എന്ന സിനിമയ്ക്ക് ശേഷം സംവൃത നീണ്ട ഇടവേള എടുത്തിരുന്നു. താൻ ആഗ്രഹിച്ച സമയത്താണ് ബ്രേക്ക് വന്നതെന്നും വിവാഹത്തിന് ശേഷമാണ് താൻ പ്രൈവറ്റ് ലൈഫ് ആസ്വദിക്കുന്നതെന്നും നടി പറഞ്ഞു. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘2012ല്‍ ആയിരുന്നു 'അയാളും ഞാനും തമ്മില്‍' എന്ന സിനിമ ചെയ്യുന്നത്. അത് കഴിഞ്ഞതും ഞാന്‍ ഒരു ബ്രേക്കിന് വേണ്ടി ആഗ്രഹിച്ച് നില്‍ക്കുകയായിരുന്നു. തുടര്‍ച്ചയായി സിനിമകള്‍ ചെയ്ത് നില്‍ക്കുന്ന സമയമായിരുന്നത് കൊണ്ട് കുറച്ചുനാള്‍ ഫ്രീയായി ഇരിക്കണമെന്ന് ഉണ്ടായിരുന്നു. ഒരേവര്‍ഷം തന്നെ കുറേ സിനിമകള്‍ ചെയ്തിരുന്നു.
തിരക്കുള്ള ജീവിതത്തില്‍ നിന്ന് ഒരു ബ്രേക്ക് വേണമെന്ന് തോന്നിയ സമയത്ത് തന്നെയാണ് എന്റെ കല്യാണം നടക്കുന്നത്. അങ്ങനെ ഞാന്‍ മനപൂര്‍വം എടുത്ത ബ്രേക്കായിരുന്നു അത്. കല്യാണം കഴിച്ചിട്ട് പോകുന്നത് യുഎസിലേക്കായിരുന്നു. അവിടെയാണെങ്കില്‍ ആര്‍ക്കും എന്നെ അറിയില്ല. അത്രനാള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലാത്ത ഒരു പ്രൈവറ്റ് ലൈഫ് എനിക്ക് അവിടെ പോയപ്പോഴാണ് കിട്ടിയത്.
അതുകൊണ്ട് തന്നെ ഞാന്‍ ഒരുപാട് സന്തോഷത്തിലായിരുന്നു. ആ സമയത്ത് വെറുതെ നടക്കാനും ഷോപ്പിങ്ങിന് പോകാനും കുക്കിങ് പരീക്ഷണങ്ങള്‍ നടത്താനുമൊക്കെ എനിക്ക് സാധിച്ചു. ജീവിതത്തിലെ അങ്ങനെയൊരു മോഡിലേക്ക് ഞാന്‍ വളരെ എളുപ്പത്തിലാണ് മാറിയത്. എനിക്ക് ഒട്ടും പ്രയാസം തോന്നിയിരുന്നില്ല. ആദ്യത്തെ കുറച്ച് വര്‍ഷങ്ങള്‍ വളരെ ഈസി ആയിരുന്നു. പിന്നെ ആദ്യത്തെ കുട്ടി ഉണ്ടായതോടെ ഞാന്‍ ബിസിയായി. അവന്‍ വലുതായതോടെ സിനിമയില്‍ ഒരു കംബാക്ക് വേണമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഒരു നീണ്ട ഇടവേളക്ക് ശേഷം 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ' എന്ന സിനിമ ചെയ്യുന്നത്,’ സംവൃത സുനില്‍ പറഞ്ഞു.
Content Highlights: Samvrutha Sunil talks about career break and private life