അമൽ ഡേവിസും റീനുവും ഒന്നിക്കുന്നു, പക്ഷെ പ്രേമലു 2 വിൽ അല്ല; റൊമാന്റിക് സിനിമയുമായി സംഗീതും മമിതയും

കലി, തല്ലുമാല, അഞ്ചാം പാതിരാ തുടങ്ങിയ ഹിറ്റ് സിനിമകൾ നിർമിച്ച ആഷിഖ് ഉസ്മാന്റെ ബാനറായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം നിർമിക്കുന്നത്

dot image

പ്രേമലു എന്ന ഗിരീഷ് എ ഡി സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവർന്ന കോംബോയാണ് സംഗീത് പ്രതാപും മമിത ബൈജുവും. പ്രേമലുവിലെ അമൽ ഡേവിസും റീനുവും നിരവധി ആരാധകരാനാണ് ഇരുവർക്കും നേടിക്കൊടുത്തത്. ഇപ്പോഴിതാ ഒരു പുതിയ സിനിമയ്ക്കായി ഇവർ ഒരുമിക്കുകയാണ്. തണ്ണീർമത്തൻ ദിനങ്ങൾ, പത്രോസിന്റെ പടപ്പുകൾ എന്നീ സിനിമകൾക്ക് ശേഷം ഡിനോ പൗലോസ് സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിലാണ് സംഗീത് പ്രതാപും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തുവന്നു.

കലി, തല്ലുമാല, അഞ്ചാം പാതിരാ തുടങ്ങിയ ഹിറ്റ് സിനിമകൾ നിർമിച്ച ആഷിഖ് ഉസ്മാന്റെ ബാനറായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം നിർമിക്കുന്നത്. ഒരു റൊമാന്റിക് കോമഡി സിനിമയാകും ഇതെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. ഗോവിന്ദ് വസന്തയാണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ഇരുപതാമത്തെ സിനിമയാണിത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് ചമൻ ചാക്കോയാണ്. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്.

ഗിരീഷ് എ ഡി ഒരുക്കുന്ന പ്രേമലു 2 വിൽ ഇരുവരും വീണ്ടും ഒന്നിക്കാനിരിക്കെയാണ് ഈ പുതിയ സിനിമയുടെ അപ്ഡേറ്റ് എത്തിയിരിക്കുന്നത്. അതേസമയം, പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പ്രേമലു 2 വൈകുമെന്നാണ് അപ്ഡേറ്റ്. ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ചിത്രം വൈകുമെന്നാണ് നിർമാതാവായ ദിലീഷ് പോത്തൻ സില്ലിമോങ്ക്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

അതേസമയം, നിരവധി തമിഴ് സിനിമകളാണ് മമിതയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ജനനായകനിൽ മമിത ബൈജുവും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രദീപ് രംഗനാഥൻ ചിത്രം ഡ്യൂഡ്, വിഷ്ണു വിശാൽ നായകനായി എത്തുന്ന ഇരണ്ടു വാനം എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള മമിത ചിത്രങ്ങൾ.

Content Highlights: Sangeeth Prathap and Mamitha Baiju new movie announced

dot image
To advertise here,contact us
dot image