
'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ', 'ഇബ്‌ലീസ്', 'കള' എന്നീ സിനിമകൾക്ക് ശേഷം രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ടിക്കി ടാക്ക'. ആസിഫ് അലി നായകനായി എത്തുന്ന ചിത്രം വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്.
ആസിഫ് അലിക്കൊപ്പം യുവ നടൻ നസ്‌ലെനും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ എഴുത്തുകാരിൽ ഒരാളായ നിയോഗ് കൃഷ്ണയാണ് കഴിഞ്ഞ ദിവസം നസ്‌ലെൻ അഭിനയിക്കുന്ന കാര്യം വ്യക്തമാക്കിയത്. ഇപ്പോഴിതാ നസ്‌ലെന് പിന്നാലെ സംഗീത് പ്രതാപും സിനിമയിൽ അഭിനയിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഇരുവരും ഷൂട്ടിങ് സൈറ്റിൽ ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഇതോടെ പ്രേമലുവിന് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് കൈവരും. പ്രേമലു 2 വൈകുമെന്ന വാർത്ത വന്നതിന് പിന്നാലെ നിരാശരായ ആരാധകർക്ക് സന്തോഷം നല്കുന്നതാണ് ഈ വാർത്ത.
ഒരു പക്കാ മാസ് ആക്ഷൻ പടമായിരിക്കും ടിക്കി ടാക്ക എന്ന സൂചനയാണ് നേരത്തെ പുറത്തുവന്ന ടീസർ നൽകിയത്. പ്രേക്ഷകർക്ക് നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് നൽകണമെന്ന ഉദ്ദേശത്തോടെ ഒരുക്കുന്ന സിനിമയാണ് ടിക്കി ടാക്കയെന്നും തന്റെ കെജിഎഫ് എന്ന് വിശ്വസിക്കുന്ന ചിത്രമാണ് അതെന്നുമാണ് ടിക്കി ടാക്കയെക്കുറിച്ച് ആസിഫ് അലി ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരൻ എന്നിവർ ചേർന്നാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്.
Content Highlights: Don't wait for Premalu 2; Naslen-sangeet prathap combo will come together in Tiki Taka