'ഞങ്ങടെ ചെക്കൻ പണ്ടേ ഒരു പുലി ആണെന്ന് മനസ്സിലായല്ലോ'; കുട്ടി ബേസിലിന്റെ വീഡിയോ കുത്തിപ്പൊക്കി സഹോദരി

'കുറെ കാലമായി ഈ ഒരു വീഡിയോ തപ്പി മെസേജ് അയക്കുന്നു. അങ്ങനെ ഫൈനലി സംഭവം കിട്ടിപ്പോയി'

dot image

സംവിധായകനായും നടനായും മലയാളികൾക്ക് പ്രിയങ്കരനായ ആളാണ് ബേസിൽ ജോസഫ്. ഷോർട്ട് ഫിലിമുകളിലൂടെ ആരംഭിച്ച് പിന്നീട് സംവിധാനത്തിലേക്കെത്തി ഇന്ന് നടനായി തിളങ്ങുന്ന ബേസിലിന് വലിയ ഫാൻ ഫോളോയിങ് ഉണ്ട്. ഇപ്പോഴിതാ ബേസിലിന്റെ കുട്ടികാലത്തെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ജി എസ് പ്രദീപിന്റെ പ്രശസ്ത ഷോ ആയ അശ്വമേധം പരിപാടിയിൽ പങ്കെടുക്കുന്ന കുട്ടി ബേസിലിനെയാണ് വീഡിയോയിൽ കാണാനാകുന്നത്. സ്റ്റേജിൽ ചുറുചുറുക്കോടെയിരുന്നു ജി എസ് പ്രദീപിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുന്ന ബേസിലിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായത്. ബേസിലിന്റെ സഹോദരിയായ ഷിൻസി ജോസഫ് ആണ് തന്റെ സോഷ്യൽ മീഡിയയിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. 'കുറെ കാലമായി ഈ ഒരു വീഡിയോ തപ്പി കൈരളിക്ക് മെസേജ് അയക്കുന്നു. അങ്ങനെ ഫൈനലി സംഭവം കിട്ടിപ്പോയി. ലുട്ടാപ്പി സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഞങ്ങളുടെ ചെക്കൻ പണ്ടേ ഒരു പുലി ആണെന്ന് എല്ലാവർക്കും മനസ്സിലായല്ലോ', ഷിൻസി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ശിവപ്രസാദ് സംവിധാനം ചെയ്ത മരണമാസ്സ്‌ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ബേസിൽ ജോസഫ് ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വിജയമായിരുന്നു. അതേസമയം, ബേസില്‍ ജോസഫിനൊപ്പം അല്ലു അര്‍ജുന്‍ ഒരു സൂപ്പര്‍ഹീറോ സിനിമയ്ക്ക് പദ്ധതിയിടുന്നെന്നും റിപ്പോർട്ടുകൾ ഉണ്ട്. അല്ലുവിനെ തന്‍റെ കഥ ബേസില്‍ വായിച്ചുകേള്‍പ്പിച്ചെന്നും അല്ലുവിന് കഥ വളരെ ഇഷ്ടപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്. ഗീത ആര്‍ട്സിന്‍റെ ബാനറില്‍ അല്ലു അര്‍ജുന്‍റെ സഹോദരന്‍ അല്ലു അരവിന്ദായിരിക്കും സിനിമ നിര്‍മിക്കുക. ജേക്സ് ബിജോയ് ആയിരിക്കും സിനിമയുടെ മ്യൂസിക് ചെയ്യുക. സൂപ്പര്‍ഹീറോ സിനിമ എന്നതില്‍ വ്യക്തത വരാനിരിക്കുന്നെങ്കിലും ഏറെ നാളായി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുമെന്ന് പറയുന്ന ശക്തിമാന്‍ റീബൂട്ടായിരിക്കും സിനിമ എന്നും ഊഹാപോഹങ്ങളുണ്ട്.

Content Highlights: Basil's old video goes viral on social media

dot image
To advertise here,contact us
dot image