
കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഗാനം ഉള്‍പ്പെടുത്തിയതിനോട് പ്രതികരിച്ച് റാപ് ഗായകന്‍ വേടന്‍. റിപ്പോര്‍ട്ടര്‍ ചാനലിലെ കോഫി വിത്ത് അരുണ്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വേടന്‍. വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു. കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
'പണ്ട് ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയും നിങ്ങള്‍ കണ്ടോ ഞാന്‍ മരിച്ച് കഴിഞ്ഞിട്ടാണെങ്കിലും ഒരു ദിവസം എന്നെക്കുറിച്ച് പത്താം ക്ലാസിലെങ്കിലും പഠിക്കുമെന്ന്. ഞാന്‍ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ്. എന്റെ ഒരു സുഹൃത്താണ് ഇക്കാര്യം എന്നോട് പറയുന്നത്. ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്നാല്‍ എനിക്ക് ഇതിൽ അതിയായ സന്തോഷമായി. നമ്മളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പഠിക്കുക എന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ പത്തുവരെ കൃത്യമായി സ്‌കൂളില്‍ പോയി പഠിച്ചു. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് അത് തുടരാന്‍ കഴിഞ്ഞില്ല.' എന്ന് വേടൻ പറഞ്ഞു.
വേടൻ എന്ന പേര് വന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'എനിക്ക് വളരെ ചെറുപ്പത്തില്‍ മുതല്‍ വേടന്‍ എന്ന പേരുണ്ട്. സ്ലിങ് ഷോട്ട് ഉപയോഗിക്കുക, മീന്‍ പിടിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഞാന്‍ സ്‌കില്‍ഡാണ്. അങ്ങനെ കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കാന്‍ തുടങ്ങിയ പേരാണത്. സ്‌കൂള്‍ കാലത്ത് എന്റെ യഥാര്‍ത്ഥ പേര് ആര്‍ക്കുമറിയില്ല. എല്ലാവരും വിളിച്ച് വിളിച്ച് സ്‌കൂളുകളില്‍ മുഴുവന്‍ എന്നെ വേടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഞാന്‍ എന്തെങ്കിലും പ്രശ്‌നം വന്നാലോ എന്ന് കരുതി പേര് മാറ്റാന്‍ ഞാന്‍ ആലോചിച്ചിരുന്നു. പിന്നീട് വേടര്‍ മഹാസമാജം ഈ പേരുമായി ബന്ധപ്പെട്ട് കേസിന് പോയിരുന്നു. എന്നാല്‍ അതെല്ലാം പറഞ്ഞ് ഒത്തുതീര്‍പ്പാക്കി. തെറ്റിദ്ധാരണകള്‍ കൊണ്ടായിരിക്കാം അവര്‍ അങ്ങനെ പരാതികള്‍ ഉന്നയിച്ചത്,' എന്നാണ് വേടൻ പറഞ്ഞത്.
സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.' നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്. ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,' എന്നും വേടൻ കൂട്ടിച്ചേർത്തു.
Content Highlights: Rapper Vedan talks about including his song in University Syllabus