
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രമാണ് നരിവേട്ട. തിയേറ്ററിൽ മികച്ച അഭിപ്രായമായിരുന്നു സിനിമ നേടിയത്. സിനിമയിലെ 'മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ' എന്ന ഗാനം സോഷ്യൽ മീഡിയ റീലുകളിൽ തരംഗമാണ് സൃഷ്ടിച്ചത്. പാട്ട് ഹിറ്റായതിന് പിന്നാലെ എന്താണ് ഈ മിന്നൽ വള എന്ന ചോദ്യം നിറഞ്ഞിരുന്നു. കൈതപ്രം ആയിരുന്നു സിനിമയിലെ ഈ ഗാനം രചിച്ചിരുന്നത്. ഇപ്പോഴിതാ അദ്ദേഹം തന്നെ ഇതിന് മറുപടി നൽകുകയാണ്. ജിഞ്ചര്‍ മീഡിയ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ശരിക്കും അത് കാളിദാസനിലാണ് പോയി എത്തിച്ചേരുക. ശ്രീരാമന്‍ സീതയോടുകൂടി ലങ്കയില്‍ നിന്ന് തിരിച്ചുവന്നത് പുഷ്പക വിമാനത്തിലാണ്. അന്നത്തെ വിമാനത്തില്‍ നിന്ന് കൈ പുറത്തേക്കിടാം. അങ്ങനെ സീത കൈ പുറത്തേക്കിട്ടപ്പോള്‍ മിന്നല്‍ കയ്യില്‍ കയറി ചുറ്റി. അതൊരു വളയായി മാറി. ഈ സങ്കല്‍പത്തെയാണ് ‘മിന്നല്‍വള കയ്യിലിട്ട പെണ്ണഴകേ’ എന്ന വരിയില്‍ ഉള്‍പ്പെടുത്തിയത്. അത് സീത തന്നെയാണ്. വേറൊരു ന്യായം കൂടിയുണ്ട് അവര്‍ (സീത) ഭൂമിപുത്രിയാണ്. ഇത് എര്‍ത്താണ്, മിന്നല്‍ കയറി കയ്യില്‍ ചുറ്റും’, കൈതപ്രം പറഞ്ഞു.
ജേക്‌സ് ബിജോയിയാണ് മിന്നല്‍വള എന്ന ഗാനം കംമ്പോസ് ചെയ്തിരിക്കുന്നത്. സിദ്ധ് ശ്രീറാമും സിതാര കൃഷ്ണകുമാറും ചേര്‍ന്നാണ് ഗാനം ആലാപിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറന്മൂട്, ചേരാൻ എന്നിവർക്ക് പുറമേ ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
Content Highlights: Kaithapram explains the meaning of the song from the movie Narivetta