
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാർ നായകനാകുന്ന എ കെ 64 എന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന വാർത്ത ഈ അടുത്താണ് പുറത്തുവന്നത്. അന്നുമുതൽ സിനിമയുടെ അപ്ഡേറ്റുകൾക്കായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
'ഗുഡ് ബാഡ് അഗ്ലി' സംവിധായകൻ ആദിക് രവിചന്ദ്രൻ തന്നെയായിരിക്കും അജിത്തിന്റെ അടുത്ത സിനിമയും സംവിധാനം ചെയ്യുക എന്നാണ് ആകാശവാണി റിപ്പോർട്ട് ചെയ്യുന്നത്. മാത്രമല്ല ഗുഡ് ബാഡ് അഗ്ലി ഒരുക്കിയ മൈത്രി മൂവി മേക്കേഴ്സ് തന്നെയാകും സിനിമ നിർമിക്കുക എന്നും സൂചനകളുണ്ട്.
ഈ അടുത്ത് ഒരു അഭിമുഖത്തിലായിരുന്നു എ കെ 64 നെക്കുറിച്ച് അജിത് വെളിപ്പെടുത്തിയത്. ഈ വർഷം നവംബറിൽ തന്റെ പുതിയ സിനിമയുടെ വർക്കുകൾ തുടങ്ങും. അടുത്ത വർഷം മെയ്, ജൂൺ മാസങ്ങളിലായി ഈ ചിത്രം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിമുഖത്തിൽ അജിത് വ്യക്തമാക്കി. എന്നാൽ പുതിയ സിനിമയുടെ സംവിധായകനെക്കുറിച്ചോ മറ്റു അണിയറപ്രവർത്തകരെക്കുറിച്ചോ നടൻ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല.
അതേസമയം ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രമാണ് അജിത്തിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ആഗോളതലത്തിൽ 200 കോടിക്ക് മുകളിൽ നേടിയ സിനിമ ഇപ്പോൾ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുന്നുണ്ട്. തൃഷയും പ്രിയാവാര്യരുമാണ് ചിത്രത്തിലെ നായികമാര്‍.
പ്രഭു, അര്ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
Content Highlights: Ajith Kumar to join with Good Bad Ugly director Adhik Ravichandran for AK 64