
പുത്തൻ പരീക്ഷണങ്ങളിലൂടെ മലയാളികളെ എന്നും വിസ്മയിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. അടുത്തകാലത്തെ അദ്ദേഹത്തിന്റെ കഥാപാത്ര വൈവിധ്യങ്ങളുടെ തുടർച്ചയാകും എന്ന് പ്രേക്ഷകർ കരുതുന്ന സിനിമയാണ് ജിതിൻ ജെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവൽ'. ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് ഡേറ്റിനെ സംബന്ധിച്ചുള്ള സൂചനകൾ പുറത്തുവരുകയാണ്.
ജൂണിൽ സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകളെങ്കിൽ സിനിമയുടെ റിലീസിനായി കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ വിവരം. ഓഗസ്റ്റിലാകും റിലീസെന്നും പറയപ്പെടുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ വരേണ്ടിയിരിക്കുന്നു.
നിരവധി യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കളങ്കാവൽ ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകൻ ജിതിൻ കെ ജോസ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചിരുന്നു. ഒന്നിൽ കൂടുതൽ സംഭവങ്ങൾ പ്രചോദനമാകുന്നുണ്ടെങ്കിലും ഈ ചിത്രം തീർത്തും ഫിക്ഷണൽ സ്വഭാവത്തിലാണ് കഥ പറയുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. വിനായകനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്. മുജീബ് മജീദ് ആണ് സംഗീത സംവിധാനം. ഫൈസല്‍ അലി ഛായാഗ്രഹണം.
Content Highlights: New Reports on Kalamkaval release