കണ്ടാല്‍ മാന്യന്‍, അടുത്തറിഞ്ഞാല്‍ പിന്നെ അടുപ്പിക്കില്ല; ജോര്‍ജ് സാറും കേശവദാസും സീനാണ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ നായകനേക്കാൾ ആഘോഷിക്കപ്പെടുന്നത് വില്ലന്‍മാരാണ്.

dot image

നായകനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന വില്ലന്‍മാരാണ് സമീപകാല മലയാള സിനിമയുടെ ഹൈലൈറ്റ്. ആദ്യ കാഴ്ചയില്‍ മാന്യനും സല്‍ഗുണ സമ്പന്നനുമായി തോന്നുന്ന ഈ വില്ലന്മാര്‍ ഫസ്റ്റ് ഹാഫിനോട് അടുക്കുമ്പോഴേക്കും വിഷം ചീറ്റുന്ന പാമ്പുകളായി മാറും. ചിലരെ അടുത്തറിഞ്ഞാലേ അടുപ്പിക്കാൻ കൊള്ളുന്ന ആളാണോ എന്നറിയാന് സാധിക്കൂ എന്ന് പറയാറുണ്ട്. ഇതിന് ഉത്തമ ഉദാഹരണമാണ് തുടരും സിനിമയിലെ ജോർജ് സാറും നരിവേട്ടയിലെ കേശവദാസ് ഐ പി എസും.

രണ്ടു കഥാപാത്രങ്ങളും പൊലീസുകാരാണ്, സിനിമ ഫസ്റ്റ് ഹാഫിനോട് അടുക്കുമ്പോൾ ഇവര്‍ സുന്ദര വില്ലന്മാരായി മാറും. തുടക്കത്തിലേ മധുരം നിറഞ്ഞ വാക്കുകളിലൂടെ ആളുകളെ ചാക്കിട്ടു പിടിച്ച ശേഷം കാലു വാരുന്നവർ. എവിടെയും ഒരു പാളിച്ചയും തോന്നാതെയാണ് ജോർജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വർമയും കേശവദാസിനെ അവതരിപ്പിച്ച സംവിധായകൻ ചേരനും കഥാപത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ നായകനെക്കാൾ ആഘോഷിക്കപ്പെടുന്നത് വില്ലന്‍മാരാണ്.ഡി ഐ ജി കേശവദാസ് ഐ പി എസിനെ അവതരിപ്പിച്ച തമിഴ് സംവിധായകൻ ചേരന്റെ ആദ്യ മലയാള സിനിമ കൂടിയായിരുന്നു നരിവേട്ട.

മികച്ച പ്രതികരണമാണ് സിനിമയ്ക്കും ചേരന്റെ പ്രകടനത്തിനും ലഭിക്കുന്നത്. മെയ് 24 ന് റിലീസ് ചെയ്ത സിനിമ ആഗോളതലത്തിൽ 15 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ ദിനം കേരള ബോക്സ് ഓഫീസിൽ തന്നെ 2.17 കോടി നേടി മികച്ച ഓപ്പണിങ് നേടിയിരുന്നു ചിത്രം. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ കണക്കിലെടുക്കുമ്പോൾ വരും ദിവസങ്ങളിലെ കളക്ഷനിൽ വൻമുന്നേറ്റം പ്രതീക്ഷിക്കാം എന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

ടൊവിനോ തോമസിനൊപ്പം സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരും സിനിമയിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

Content Highlights:  Two police villains in Malayalam cinema

dot image
To advertise here,contact us
dot image