
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത, പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ 'നരിവേട്ട' തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ സി.കെ.ജാനുവായി എത്തിയത് നടി ആര്യ സലിം ആയിരുന്നു. ചിത്രീകരണത്തിനിടയിലെ അനുഭവങ്ങളെ കുറിച്ചുള്ള ആര്യയുടെ പ്രതികരണങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ഡമ്മി ലാത്തി കൊണ്ട് അടി കിട്ടിയിട്ട് പോലും ശരീരത്തില്‍ നീല പാടുകള്‍ ഉണ്ടായെന്ന് പറയുകയാണ് ആര്യ. വൺ ടു ടോക്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'അടിക്കുന്ന ലാത്തി ഡമ്മിയാണ്, എന്റെ ശരീരത്തിൽ പാഡും വെച്ചിട്ടുണ്ട്. എന്നെ തല്ലിയതൊക്കെ മാസ്റ്ററിന്റെ സഹായികളാണ്. എന്നാലും ആ ഓട്ടത്തിലും സ്ട്രഗിളിലും ഉന്തിലും തള്ളിലും അങ്ങോട്ടും ഇങ്ങോട്ടും പാഡൊക്കെ നീങ്ങി പോകും. അടിയും ചവിട്ടും എല്ലാം കൃത്യമായി ദേഹത്ത് തന്നെ വീഴും.
ഡമ്മി ലാത്തി ആണെങ്കിലും അത് ഒടിഞ്ഞു പോകാതിരിക്കാൻ ഉള്ളിൽ പിവിസി പൈപ്പ് ഉണ്ടാകും. പിവിസി പൈപ്പ് കൊണ്ട് അടികിട്ടുന്നത് പോലെതന്നെയാണ് അത്. ഷൂട്ടിങ് കഴിഞ്ഞ് നോക്കുമ്പോള്‍ മുതുകിൽ നീല പാട് ഉണ്ടാകും. ഞാനും ചേച്ചിയും കൂടെ പറഞ്ഞ ഒരു കാര്യം ഉണ്ട്, ഡമ്മി ലാത്തികൊണ്ട് അടിച്ചിട്ട് നീല പാട് ഉണ്ടെങ്കിൽ ഒറിജിനൽ ലാത്തി കൊണ്ട് അടി കിട്ടിയവരുടെ അവസ്ഥ താങ്ങാൻ പറ്റാത്തതായിരിക്കും.,' ആര്യ സലിം പറഞ്ഞു.
അതേസമയം, മെയ് 24 ന് റിലീസ് ചെയ്ത സിനിമ ആഗോളതലത്തിൽ 15 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ ദിനം കേരള ബോക്സ് ഓഫീസിൽ തന്നെ 2.17 കോടി നേടി മികച്ച ഓപ്പണിങ് നേടിയിരുന്നു ചിത്രം. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ കണക്കിലെടുക്കുമ്പോൾ വരും ദിവസങ്ങളിലെ കളക്ഷനിൽ വൻമുന്നേറ്റം പ്രതീക്ഷിക്കാം എന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
ടൊവിനോ തോമസിനൊപ്പം സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരും സിനിമയിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ചേരൻ്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട.
Content Highlights: Arya Salim says her body turned blue after being beaten with a dummy lathi