
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമയാണ് കൂലി. ഒരു ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന കൂലി ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് രജനി ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ തനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് രജനികാന്ത് സിനിമകളെക്കുറിച്ച് മനസുതുറക്കുകയാണ് ലോകേഷ് കനകരാജ്.
എസ് പി മുത്തുരാമൻ ഒരുക്കിയ ധർമത്തിൻ തലൈവൻ, ആറിലിരുന്ത് അറുപത് വരെ എന്നീ രണ്ട് സിനിമകളാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് ലോകേഷ് കനകരാജ് പറഞ്ഞു. 'എസ് പി മുത്തുരാമൻ - രജനികാന്ത് കോംമ്പോയിൽ പുറത്തിറങ്ങിയ സിനിമകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ധർമത്തിൻ തലൈവൻ, ആറിലിരുന്ത് അറുപത് വരെ എന്നീ രണ്ട് സിനിമകളാണ്. 2K കിഡ്സ് ഈ രണ്ട് സിനിമകൾ കണ്ടിട്ടില്ലെങ്കിൽ നിങ്ങൾ ഉറപ്പായും കാണണം.
ഇമോഷണൽ രീതിയിൽ ആയാലും രജനി സാറിന്റെ മാസ് ആയാലും ഈ രണ്ട് സിനിമകളും വ്യത്യസ്‍ത അനുഭവം നൽകും. രണ്ട് തരത്തിലുള്ള രജനികാന്തിനെ ഈ രണ്ട് സിനിമകളിൽ കാണാം. രജനി സാറിന്റെ പഴയ സ്റ്റൈൽ റിക്രിയേറ്റ് ചെയ്യാൻ ഞങ്ങൾ കൂലിയിൽ ശ്രമിച്ചിട്ടില്ല എന്നാലും നമ്മൾ മുൻപ് കണ്ട് ഇഷ്ടപ്പെട്ട രജനി സാറിനെ കൂലിയിൽ കാണാൻ സാധിക്കും', ലോകേഷ് പറഞ്ഞു.
അതേസമയം, കൂലി ബോക്സ് ഓഫീസിൽ നിന്നും 1000 കോടി നേടുമെന്നും ഇൻഡസ്ട്രി ഹിറ്റ് ഉറപ്പിച്ചോളൂ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.
Content Highlights: Lokesh Kanakaraj about his favourite Rajini films