ശത്രുത തോന്നിയാൽ ജീവിതകാലം മുഴുവൻ കൊണ്ടുനടക്കുന്ന സ്വഭാവം മമ്മൂട്ടിക്കില്ല: കലൂർ ഡെന്നീസ്

മമ്മൂട്ടിക്ക് തന്നെക്കുറിച്ച് എന്തുവേണമെങ്കിലും പറയാമായിരുന്നു. എന്നാൽ കുറ്റപ്പെടുത്തുന്ന ഒരു വാക്ക് പോലും ആ നാവിൻതുമ്പത്ത് നിന്നും വീണില്ല

dot image

മമ്മൂട്ടിയും വലിയ സൗഹൃദം കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് തിരക്കഥാകൃത്ത് കലൂർ ഡെന്നീസ്. അദ്ദേഹത്തിന്റെ തിരക്കഥയിൽ ഏകദേശം 24 സിനിമകളിലാണ് മമ്മൂട്ടി നായകനായി അഭിനയിച്ചിട്ടുള്ളത്. ഇടക്കാലത്ത് ഇരുവർക്കുമിടയിൽ രൂപപ്പെട്ട അഭിപ്രായ ഭിന്നതയുടെ ഓർമ പങ്കുവെക്കുകയാണ് കലൂർ ഡെന്നീസ് ഇപ്പോൾ.

ഒരു നിർമാതാവിന്റെ കോൾഷീറ്റ് സംബന്ധിച്ചുണ്ടായ വാഗ്വാദം പിന്നീട് ഒരു പിണക്കമായി മാറിയെന്ന് കലൂർ ഡെന്നീസ് ഓർക്കുന്നു. തങ്ങൾക്കിടയിലെ ഭിന്നത അറിഞ്ഞെത്തിയ ഒരു പത്രലേഖകൻ തന്നോട് കാര്യങ്ങൾ ചോദിച്ചറിയുകയും താൻ പറയാത്ത കാര്യങ്ങൾ വരെ ചമച്ച് പത്രത്തിൽ ഒരു അഭിമുഖമായി കൊടുത്തു. ഈ സംഭവം വലിയ വിവാദമായെന്നും സമകാലിക മലയാളത്തിലെ 'എന്റെ നായക സ്വരൂപങ്ങൾ' എന്ന പംക്തിയിൽ കലൂര്‍ ഡെന്നീസ് എഴുതുന്നു.

സംവിധായകൻ കെ മധുവിന്റെ വിവാഹദിനത്തിലാണ് ഈ അഭിമുഖം പുറത്തുവന്നത് എന്ന് കലൂർ ഡെന്നീസ് പറയുന്നു. താനും സംവിധായകൻ ജോഷിയും കെ മധുവിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. സദ്യ കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ തന്റെ തോളത്ത് ഒരു കൈ വന്നു തട്ടി. തിരിഞ്ഞ് നോക്കിയപ്പോൾ പുറകിൽ മമ്മൂട്ടി നിൽക്കുന്നു. 'കൊള്ളാം തന്റെ ഇന്റർവ്യൂ നന്നായിരിക്കുന്നു, ക്യാരി ഓൺ' എന്ന് ഒരു ഭാവവ്യത്യാസവുമില്ലാതെ മമ്മൂട്ടി പറഞ്ഞു. അത് കേട്ടപ്പോൾ വല്ലാത്ത ചമ്മൽ അനുഭവപ്പെട്ടു. 'വേറെ ഏതെങ്കിലും ഒരു ചെറിയ നടനായിരുന്നുവെങ്കിൽ പോലും ഇങ്ങനെ പെരുമാറാനുള്ള സന്മനസ്സുണ്ടാകുമോ എന്നാണ് ഞാനാദ്യം ചിന്തിച്ചത്. പക്ഷേ മമ്മൂട്ടി അങ്ങനെയൊന്നും പെരുമാറിയില്ല' എന്ന് കലൂർ ഡെന്നീസ് കുറിക്കുന്നു.

തന്റെ അഭിമുഖം എടുത്ത തൊട്ടടുത്ത ദിവസം അതേ പത്രലേഖകൻ മമ്മൂട്ടിയുടെ പ്രതികരണം തേടി. 'ഏയ് നമ്മുടെ കലൂരാനല്ലേ? എനിക്കൊന്നും പറയാനില്ല' എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. മമ്മൂട്ടിക്ക് തന്നെക്കുറിച്ച് എന്തുവേണമെങ്കിലും പറയാമായിരുന്നു. എന്നാൽ കുറ്റപ്പെടുത്തുന്ന ഒരു വാക്ക് പോലും ആ നാവിൻതുമ്പത്ത് നിന്നും വീണില്ല എന്ന് കലൂർ ഡെന്നീസ് പറയുന്നു.

വർഷങ്ങൾക്കിപ്പുറം ടി എസ് സുരേഷ് ബാബുവിന്റെ ഒരു സിനിമയുടെ പൂജ ചടങ്ങിൽ വച്ച് മമ്മൂട്ടിയെ താൻ വീണ്ടും കണ്ടു. തന്നെ കണ്ടയുടൻ അദ്ദേഹം യാതൊരു പിണക്കവും കാണിക്കാതെ വന്നു സംസാരിക്കൻ തുടങ്ങി. അത് കണ്ടു നിന്നവർക്കെല്ലാം തങ്ങൾക്കിടയിലെ പിണക്കം മാറിയോ എന്ന അതിശയഭാവമായിരുന്നു എന്ന് കലൂർ ഡെന്നീസ് ഓർക്കുന്നു.

പൂജ ചടങ്ങ് പൂർത്തിയായ ശേഷം മടങ്ങാൻ നേരം 'താൻ എറണാകുളത്തേക്കാണെങ്കിൽ എന്റെ കാറിൽ നമുക്ക് ഒന്നിച്ച് പോകാം' എന്ന് മമ്മൂട്ടി പറഞ്ഞു. ട്രെയിൻ ബുക്ക് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ 'അത് വിളിച്ച് ക്യാൻസൽ ചെയ്തേക്ക്. എന്റെ കാറിൽ പോകാം' എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അങ്ങനെ തങ്ങൾ രണ്ടാളും കൂടി അദ്ദേഹത്തിന്റെ കാറിൽ യാത്ര തുടങ്ങി. ഡ്രൈവറെ പുറകിൽ ഇരുത്തി കാർ ഓടിച്ചിരുന്നത് മമ്മൂട്ടി തന്നെയായിരുന്നു. 'ഞാൻ കാരണം തനിക്ക് ചില സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം' എന്ന് ഒരു തുറന്നുപറച്ചിൽ പോലെ മമ്മൂട്ടി പറഞ്ഞു. 'അതുകൊണ്ട് എനിക്ക് പുതിയൊരു താരനിരയെയുണ്ടാക്കാൻ കഴിഞ്ഞു' എന്നായിരുന്നു മറുപടി. അതുകേട്ട് മമ്മൂട്ടി പൊട്ടിച്ചിരിച്ചുവെന്നും കലൂർ ഡെന്നീസ് പറയുന്നു.

'മമ്മൂട്ടി അങ്ങനെയാണ്. മനസ്സിൽ ഒന്നുവച്ചുകൊണ്ട് മറ്റൊന്ന് പറയുന്ന ആളല്ല. പറയാനുള്ളത് ആരുടെ മുഖത്തു നോക്കിയും തുറന്നുപറയാൻ മമ്മൂട്ടിക്ക് യാതൊരു മടിയുമില്ല. ചില നായക നടന്മാരെപ്പോലെ ഒരാളോട് ശത്രുത തോന്നിയാൽ അത് ജീവിതകാലം മുഴുവൻ പകപോലെ കൊണ്ടുനടക്കുന്ന സ്വഭാവം മമ്മൂട്ടിക്കില്ല. നായകത്വവും ആദർശവും സിനിമയിൽ മാത്രമല്ല, ജീവിതത്തിലും കാത്തുസൂക്ഷിക്കുന്ന സാധാരണക്കാരന്റെ ശീലപ്രകൃതമുള്ള മെഗാമനസ്സിന്റെ ഉടമയാണ് ഈ മഹാനടൻ,' എന്ന് പറഞ്ഞുകൊണ്ടാണ് കലൂർ ഡെന്നീസ് ആ അനുഭവം അവസാനിപ്പിക്കുന്നത്.

Content Highlights: Kaloor Dennis talks about the clash with Mammootty

dot image
To advertise here,contact us
dot image