
ഹനുമാൻ എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ പ്രേക്ഷശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് തേജ സജ്ജ. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്ന് 300 കോടിക്കും മുകളിലാണ് നേടിയത്. ഇപ്പോഴിതാ നടന്റെ ഏറ്റവും പുതിയ സിനിമയുടെ ടീസർ പുറത്തുവന്നിരിക്കുകയാണ്. 'മിറൈ' എന്നാണ് സിനിമയുടെ പേര്. ഒരു ആക്ഷൻ അഡ്വെഞ്ചർ സൂപ്പർഹീറോ സിനിമയാണ് ഇതെന്ന സൂചനയാണ് ടീസർ നൽകുന്നത്.
മലയാളി താരം ജയറാമും സിനിമയിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജയറാമിന്റെ വോയിസ് ഓവറിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. വൻ ബഡ്ജറ്റിലാണ് സിനിമയൊരുങ്ങുന്നതെന്ന് ടീസർ കാണുമ്പോൾ മനസിലാകും. കാര്‍ത്തിക് ഗട്ടംനേനി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മണിബാബു കരണമാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‍സ് വിറ്റുപോയത് 2.75 കോടിക്ക് ആണെന്നാണ് റിപ്പോർട്ട്. മഞ്ചു മനോജ്, റിതിക നായക്, ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സുത്ഷി, പവൻ ചോപ്ര എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ബോളിവുഡിലെ വമ്പൻ ബജറ്റ് സിനിമകളേക്കാൾ ക്വാളിറ്റി ഈ ടീസറിന് ഉണ്ടെന്നാണ് അഭിപ്രായങ്ങൾ.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത്ത് കുമാർ കൊല്ലി, സഹനിർമ്മാതാവ് വിവേക് കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ കൃതി പ്രസാദ്, കലാസംവിധാനം ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റൽ മാർക്കറ്റിംഗ് ഹാഷ്‍ടാഗ് മീഡിയ, പിആർഒ ശബരി. രവി തേജ നായകനായി ഒരുങ്ങിയ ഈഗിളിന് ശേഷം കാര്‍ത്തിക് ഗട്ടംനേനി ഒരുക്കുന്ന സിനിമയാണ് ഇത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിൽ സെപ്റ്റംബർ അഞ്ചിന് മിറൈ പുറത്തിറങ്ങും.
Content Highlights: Jayaram in Mirai teaser goes viral