
മണിരത്‌നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. കമൽഹാസൻ നായകനായി എത്തുന്ന സിനിമയിൽ സിലമ്പരശനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഹൈപ്പ്. ഇപ്പോഴിതാ അഭിനേതാക്കൾക്ക് അഭിനയിച്ചു കാണിച്ചുകൊടുക്കുന്നത് സംവിധായകരുടെ ജോലിയല്ലെന്നും നല്ലൊരു നടന് അത് അപമാനമായി തോന്നുമെന്നും പറയുകയാണ് മണിരത്‌നം. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'താന്‍ ആഗ്രഹിച്ചത് ലഭിക്കാന്‍ അഭിനേതാക്കള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന സംവിധായകനാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മണിര്തനം. എല്ലാവരോടും താന്‍ അങ്ങനെയല്ലെന്ന് പറഞ്ഞായിരുന്നു മണിരത്‌നം മറുപടി ആരംഭിച്ചത്. 'ചില ആളുകളെ നിങ്ങള്‍ക്ക് ഭീഷണിപ്പെടുത്തേണ്ടിവരും. ഞാന്‍ ചോദിക്കുന്നത് ചെയ്തില്ലെങ്കില്‍ നാലാം നിലയില്‍നിന്ന് താഴേക്കിടുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അഞ്ചുവയസ്സുള്ള കുട്ടികള്‍ക്ക് അസമയത്ത് ജോലി ചെയ്യാമെങ്കില്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് പറ്റില്ല എന്ന് ചില അഭിനേതാക്കളോട് ചോദിക്കേണ്ടിവരും. എല്ലാത്തിനും ഒരൊറ്റ പരിഹാരമില്ല.
ആർട്ടിസ്റ്റുകൾക്ക് അഭിനയിച്ചു കാണിച്ചുകൊടുക്കുന്നത് സംവിധായകരുടെ ജോലിയല്ല. നല്ലൊരു അഭിനേതാവിന് അത് അപമാനമായി തോന്നും. സംവിധായകനെ പൂര്‍ണ്ണമായി വിശ്വസിക്കുന്ന അഭിനേതാവാണ് കമല്‍ ഹാസൻ', മണിരത്‌നം പറഞ്ഞു.
അതേസമയം, ജൂൺ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
Content Highlights: ManiRatnam says he doesn't show off to artists by acting.