'സിമ്പു അടുത്ത കമൽ ഹാസൻ എന്ന് പറയുന്നവരോട് ഇത് മാത്രമേ പറയാനുള്ളൂ', മറുപടിയുമായി നടൻ

'ഒന്നൊ രണ്ടോ പേർ പറയുന്നതുകൊണ്ട് ആരും മറ്റൊരാൾക്ക് പകരമാവില്ല. അവരായി നേടിയെടുത്ത സ്ഥാനം മറ്റൊരാൾക്കും കിട്ടുകയില്ല'

dot image

മണിരത്‌നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. കമൽ ഹാസൻ നായകനായി എത്തുന്ന സിനിമയിൽ സിലമ്പരശനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയ്ക്ക് ശേഷം സിമ്പു അടുത്ത കമൽ ഹാസൻ ആകുമെന്നാണ് ആരാധകരിൽ ചിലരുടെ അഭിപ്രായം. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് സിമ്പു ഇപ്പോൾ. ആരും ആർക്കും പകരമാവില്ലെന്നും, അവർ നേടിയെടുത്ത സ്ഥാനം ഒരിക്കലും പ്രേക്ഷകരുടെ മനസിൽ നിന്ന് മായില്ലെന്നും സിമ്പു പറഞ്ഞു. സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയിലായിരുന്നു പ്രതികരണം.

'തഗ് ലൈഫ് സിനിമയിൽ എന്നെയും കമൽ സാറിനെയും കാണുമ്പോൾ പലരും തേവർ മഗനുമായി താരതമ്യം ചെയ്യുന്നത് കണ്ടു. ആ സിനിമയുടെ റിലീസിന് ശേഷം ശിവാജി ഗണേശൻ സാറിന്റെ സ്ഥാനത്ത് കമൽ ഹാസനെ കൊണ്ട് വന്നിരുന്നു. എന്നാൽ ശിവാജി സാർ സിനിമയിൽ ഉണ്ടാക്കിയെടുത്ത സ്ഥാനം മറ്റാർക്കും സ്വന്തമാക്കാൻ സാധിക്കില്ല. അത് അദ്ദേഹത്തിന്റെ മാത്രമാണ്.

അതുപോലെ തഗ് ലൈഫിന് ശേഷം എന്നെ അടുത്ത കമൽ ഹാസനായി പലരും കണക്കാക്കുന്നുണ്ട്. ഒരുപാട് കഷ്ടപ്പെട്ട് അധ്വാനിച്ചാണ് കമൽ സാർ ഇന്ന് ഈ നിലയിൽ എത്തിയത്. ആരും അത് ചുമ്മാ കൊടുത്തതല്ല. അതുകൊണ്ട് തന്നെ ഒന്നൊ രണ്ടോ പേർ പറയുന്നതുകൊണ്ട് ആരും മറ്റൊരാൾക്ക് പകരമാവില്ല. അവരായി നേടിയെടുത്ത സ്ഥാനം മറ്റൊരാൾക്കും കിട്ടുകയില്ല,' സിമ്പു പറഞ്ഞു.

അതേസമയം, ചിത്രത്തിന്റെ ഓവർ സീസ് ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ബുക്കിങ്ങിൽ സിനിമയ്ക്ക് ലഭിക്കുന്നത്. തഗ് ലൈഫിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ട്രെയ്ലറിന് മികച്ച പ്രതികരണമാണ് നേടാനാകുന്നത്. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ നീളം.

ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ മണിരത്‌നത്തിന്റെ സംവിധാന മികവും കമൽഹാസൻ, എസ്ടിആർ എന്നിവരുടെ കിടിലൻ പെർഫോമൻസും എ ആർ റഹ്മാന്റെ സംഗീതവും രവി കെ ചന്ദ്രന്റെ ഛായാഗ്രഹണവും ഉൾപ്പെടെ എല്ലാ മേഖലകൾക്കും പ്രശംസ ലഭിക്കുന്നുണ്ട്. എല്ലാ മേഖലകളും ഒരുപോലെ GOAT ലെവലിലാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ജൂൺ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Content Highlights:  Simbu says he will never replace Kamal Haasan

dot image
To advertise here,contact us
dot image