
സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രമാണ് 'രോമാഞ്ചം'. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മോശം പ്രതികരണവും കളക്ഷനുമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
'കപ്കപി' എന്നാണ് ഹിന്ദി വേർഷന്റെ പേര്. പ്രശസ്ത സംവിധായകൻ സംഗീത് ശിവനാണ് ചിത്രം ഹിന്ദിയിൽ സംവിധാനം ചെയ്തത്. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോള്‍ കഷ്ടിച്ച് ഒരു കോടി രൂപ നെറ്റ് കളക്ഷനാണ് സിനിമ നേടിയിരിക്കുന്നത് എന്നാണ് സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നത്. ആദ്യദിനത്തില്‍ വെറും രണ്ട് ലക്ഷം മാത്രമാണ് സിനിമയ്ക്ക് നേടാനായത്. രണ്ടാം ദിനത്തിൽ അത് 30 ലക്ഷമായി ഉയർന്നെങ്കിലും തുടർന്നുള്ള ദിനങ്ങളിൽ സിനിമയ്ക്ക് കാര്യമായ ചലനമുണ്ടക്കാൻ കഴിഞ്ഞിരുന്നില്ല. മൊത്തത്തില്‍ 1.22 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ ആഗോള കളക്ഷൻ. സിനിമയുടെ തിരക്കഥയ്ക്കും പ്രകടനങ്ങൾക്കും വളരെ മോശം അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
സീ സ്റ്റുഡിയോസ്, ബ്രാവോ എൻ്റർടെയിൻമെൻറ് എന്നീ ബാനറുകളിൽ ജയേഷ് പട്ടേൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിബ്ഹി, സോണിയ റാത്തി, വിവേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. അർജുൻ അശോകൻ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയിൽ എത്തുന്നത് തുഷാർ കപൂറും സൗബിന്റെ വേഷത്തിൽ ശ്രേയസ് തൽപാഡെയുമാണ്.
മെഹക്ക് പട്ടേൽ ആണ് ചിത്രത്തിൻ്റെ സഹനിർമ്മാതാവ്. ഛായാഗ്രഹണം: ദീപ് സാവന്ത്, തിരക്കഥ: സൗരഭ് ആനന്ദ് & കുമാർ പ്രിയദർശി, മ്യൂസിക്: അജയ് ജയന്തി, എഡിറ്റർ: ബണ്ടി നാഗി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ജോൺപോൾ ജോർജ്, ഗിരീഷ് ഗംഗാധരൻ, ജോബി ജോർജ് എന്നിവരായിരുന്നു രോമാഞ്ചം നിർമിച്ചത്. സുഷിൻ ശ്യാം ആയിരുന്നു സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. ചിത്രത്തിലെ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധ നേടിയിരുന്നു.
Content Highlights: Romancham hindi remake collection report