
മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ച് ജൈത്രയാത്ര നടത്തുകയാണ് മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ 'തുടരും'. മികച്ച പ്രതികരണം നേടിയ സിനിമ ഇതിനോടകം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. ഏപ്രിൽ 25 ന് എത്തിയ സിനിമ ഒരു മാസം പിന്നിട്ടിട്ടും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ കേരള ബോക്സ് ഓഫീസിൽ പുതിയൊരു റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് തുടരും.
കേരള ബോക്സ് ഓഫീസിൽ നിന്ന് 50 കോടി ഷെയർ കളക്ഷൻ നേടിയെന്ന റെക്കോർഡ് ആണ് തുടരുമിപ്പോൾ നേടിയത്. നേരത്തെ ചിത്രം കേരളത്തിൽ നിന്ന് 100 കോടി ഗ്രോസ് നേടിയിരുന്നു. കേരളത്തിൽ നിന്ന് ആദ്യമായി ആണ് ഒരു ചിത്രം 50 കോടി ഷെയർ നേടുന്നത്. നിരവധി സിനിമകൾ തിയേറ്ററുകളിൽ ഇതിനോടകം വന്നു പോയിട്ടും തുടരും സിനിമയുടെ സ്വീകാര്യത ഒട്ടും കുറഞ്ഞിട്ടില്ല എന്ന് കാണിക്കുന്നതാണ് ഈ റിപ്പോർട്ടുകൾ. റിലീസ് ചെയ്ത് ആഴ്ചകൾ കഴിയുമ്പോൾ കേരളത്തിൽ നിന്ന് മാത്രം ചിത്രം 115 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 231.33 കോടി ഗ്രോസ് ആണ് തുടരും സ്വന്തമാക്കിയിരിക്കുന്നത്.
HISTORY IN KERALA BOX OFFICE — #Thudarum Kerala Box Office distributors share collection crossed 50 Crores 🙏🔥💪
— AB George (@AbGeorge_) May 26, 2025
First time in "Malayalam Land" History..!!
Not Gross, it's SHARE COLLECTION🙏🔥 pic.twitter.com/lsrLxfvNGI
കഴിഞ്ഞ ദിവസം ചിത്രത്തിൽ നിന്നൊരു മേക്കിങ് വീഡിയോ തരുൺ മൂർത്തി പങ്കുവച്ചിരുന്നു. ഒരു ബാത്റൂമിന് മുന്നിലുള്ള സീൻ തരുൺ മൂർത്തി മോഹൻലാലിനും ശോഭനയ്ക്കും വിവരിച്ച് കൊടുക്കുന്നതും തുടർന്ന് ആ സീൻ ഇരുവരും അഭിനയിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്.മികച്ച അഭിപ്രായങ്ങളാണ് ഈ മേക്കിങ് വീഡിയോക്ക് താഴെ വരുന്നത്. 'കാണുമ്പോൾ അയ്യേ ഇത്രേം ഉള്ളോ ഇത് സിമ്പിൾ അല്ലേ എന്ന് തോന്നും വേറൊന്നും കൊണ്ടല്ല ചെയ്തു കാണിച്ചത് ലാലേട്ടനും ശോഭനയും ആയത് കൊണ്ടാണ്', എന്നാണ് ഒരു പ്രേക്ഷകന്റെ കമന്റ്.
Content Highlights: Thudarum collects 50 crores share from kerala