

തിരുവനന്തപുരം: ഗുണ്ടാനേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ പ്രതികൾ സഞ്ചരിച്ച വാഹനം തിരുവനന്തപുരം ജില്ലയിലേക്ക് കടന്നുവെന്ന് വിവരം. അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരീക്ഷണകാമറകളിൽ പ്രതികൾ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞു. പ്രതികൾ വാഹനം മാറി സഞ്ചരിക്കുന്നുവെന്നാണ് വിവരം. കൊല നടത്തുമ്പോഴുണ്ടായ വാഹനമല്ല കടന്നുപോയതെന്നാണ് സൂചന. വർക്കലയിലെ നിരീക്ഷണ കാമറകളും പൊലീസ് പരിശോധിച്ചുവരികയാണ്. റിസോർട്ടുകൾ കേന്ദ്രീകരിച്ചും പരിശോധന കർശനമാക്കിയിരിക്കുകയാണ്.
അതേസമയം, കൊലപാതകത്തിൽ മൂന്ന് പേരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. ബ്ലാക്ക് വിഷ്ണു, മണ്ണെണ്ണ നൗഫൽ, ഹുസ്സൈൻ എന്നിവരെയാണ് പ്രതിചേർത്തത്. കണ്ടാലറിയുന്ന രണ്ട് പേരെക്കൂടി പ്രതിപ്പട്ടികയിൽ ചേർക്കും. അലുവ അതുൽ പൊലീസ് സ്റ്റേഷനിൽ ഒപ്പ് രേഖപ്പെടുത്തി പോകുന്ന വഴിക്കാണ് ആക്രമണം നടന്നത്. പ്രതികളുടെ സുഹൃത്ത് അനീറിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് എഫ്‌ഐആറിൽ ഉള്ളത്. വടിവാളും വെട്ടുകത്തിയും ഉപയോഗിച്ചാണ് പ്രതികൾ അലുവ അതുലിനെ കൊലപ്പെടുത്തിയത്. പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്നും എഫ്‌ഐആറിൽ പറയുന്നു.
അതേസമയം, അലുവ അതുലിന്റെ കൊലപാതകത്തിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ചയാണ്. അലുവ അതുലിനെ ആക്രമിക്കുമെന്ന് മുൻകൂട്ടി ഇന്റലിജൻസ് വിവരം ലഭിച്ചിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഒരാഴ്ച മുൻപാണ് ജാമ്യത്തിലിറങ്ങിയാൽ അലുവ അതുലിനെ കടത്തൂർ ടീം ആക്രമിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്. ഇരു സംഘങ്ങളും തമ്മിൽ തുടർച്ചയായി സംഘർഷം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ കരുനാഗപ്പള്ളി പൊലീസ് ഈ നിർദേശം അവഗണിക്കുകയായിരുന്നു.
കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ പരിധിയിലാണ് അരുംകൊല നടന്നത്. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് അലുവ അതുലിന്റെ മരണകാരണം. ശരീരത്തിലും നിരവധി വെട്ടേറ്റിട്ടുണ്ട്.
ഇന്നോവ കാറിലാണ് നാലംഗ അക്രമി സംഘം എത്തിയത്. ഇവർ അതുല്‍ സഞ്ചരിച്ച കാറിനെ പിന്തുടരുകയും കരുനാഗപ്പള്ളിയില്‍ ദേശീയ പാതയുടെ പണി നടക്കുന്ന കുഴിയിലേക്ക് കാര്‍ ഇടിച്ചിടുകയായിരുമായിരുന്നു. ശേഷം കൂട്ടമായി വടിവാള്‍ ഉപയോഗിച്ച് അക്രമിച്ചു. റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയാണ് അരുംകൊല നടത്തിയത്.
ജിം സന്തോഷ് കൊലക്കേസ് പ്രതിയാണ് അലുവ അതുൽ. 2025 മാർച്ച് 27ന് നാണ് ജിം സന്തോഷ് കൊല്ലപ്പെടുന്നത്. സ്വന്തം വീട്ടിൽ അമ്മയുടെ കണ്മുൻപിൽ വെച്ചാണ് അലുവ അതുൽ ജിം സന്തോഷിനെ വെട്ടി കൊന്നത്. കൊലയ്ക്കു ശേഷം ഒളിവിൽ പോയ അതുലിനെ തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വച്ചാണ് പൊലീസ് പിടികൂടുന്നത്. ആ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അലുവാ അതുലിനെയാണ് ഇന്ന് കരുനാഗപ്പള്ളി നഗരത്തിൽ വെച്ച് കടത്തൂര്‍ ടീം വെട്ടിക്കൊന്നത്.