
മണിരത്നം-കമൽഹാസൻ ടീമിന്റെ തഗ് ലൈഫ് എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. സിമ്പുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പലരും തന്നെ വെച്ച് സിനിമയെടുക്കാൻ മടിച്ചിരുന്നപ്പോഴും, സിനിമ ഇല്ലാതിരുന്ന സമയത്തും മണിരത്‌നം തന്നെ തേടി വന്നുവെന്ന് പറയുകയാണ് സിമ്പു. അദ്ദേഹത്തിനോടുള്ള നന്ദി എന്നും ഉണ്ടാകുമെന്നും, ഒരിക്കലും മറക്കില്ലെന്നും സിമ്പു കൂട്ടിച്ചേർത്തു. സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് പ്രതികരണം.
'എന്നെ ഒരിക്കലും മണി രത്‌നം സിനിമകളിൽ വിളിക്കില്ലെന്നാണ് കരുതിയത്. കാരണം ഞാൻ കൂടുതലും മാസ് മസാല സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. ആ ഒരു സമയത്ത് എന്റെ മേലേ റെഡ് കാർഡ് വന്നതുപോലെയുള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. പല പ്രൊഡ്യൂസ്‌ഴ്സും എന്നെ വെച്ച് സിനിമ ചെയ്യണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു. എനിക്ക് അപ്പോൾ സിനിമകൾ ഇല്ല ഡയറക്ടർ ആരും എന്നെ സമീപിക്കുന്നില്ല, ആ സമയം എനിക്ക് ഒരു ഫോൺ കോൾ വന്നു. മദ്രാസ് ടാകീസിൽ നിന്ന് മണി സാർ എന്നെ കാണണം എന്ന് അറിയിച്ചുവെന്ന്.
എനിക്ക് ആദ്യം എന്നെ ആരോ കളിപ്പിക്കുകയാണ് എന്നാണ് തോന്നിയത്. പക്ഷെ പോയതിന് ശേഷമാണ് സത്യമാണെന്ന് മനസിലായത്. ആ സമയത്ത് എല്ലാവരും എന്നെ വെച്ച് സിനിമ എടുക്കാൻ പേടിച്ചപ്പോൾ എന്നിൽ വിശ്വസിച്ച് മണി സാർ സിനിമ തന്നു. അത് ഒരിക്കലും ഞാൻ മറക്കില്ല. ചെക്ക ചിവന്ത വാനം എന്ന സിനിമയിൽ മാത്രമല്ല പൊന്നിയൻ സെൽവൻ സിനിമയിലും അദ്ദേഹം എന്നെ വിളിച്ചിരുന്നു പക്ഷെ എനിക്ക് ചെയ്യാൻ സാധിച്ചില്ല. തഗ് ലൈഫ് സിനിമയിൽ ആദ്യം വിളിച്ചപ്പോൾ എനിക്ക് ചെയ്യാൻ സാധിക്കില്ലായിരുന്നു അതിന് ശേഷം പിന്നീട് വീണ്ടും എനിക്ക് അവസരം വന്നു അതും കമൽ സാറിനൊപ്പം വന്നു. എല്ലാത്തിനും നന്ദി,'സിമ്പു പറഞ്ഞു.
"RED CARD was imposed on Me in a period⚠️. During that time no producers came forward to do film. ManiRatnam sir trusted me & gave #CCV film🫶. Even for #PonniyinSelvan he called me but I wasn't able to do✌️. Now he given #ThugLife♥️🔥"
— AmuthaBharathi (@CinemaWithAB) May 24, 2025
- #SilambarasanTRpic.twitter.com/q5ZsKtkLct
തഹ് ലെെഫിന്‍റെ ട്രെയ്‌ലർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായമാണ് ട്രെയ്‌ലറിന് ലഭിച്ചത്. ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ മണിരത്‌നത്തിന്റെ സംവിധാനമികവും കമൽഹാസൻ, എസ്ടിആർ എന്നിവരുടെ കിടിലൻ പെർഫോമൻസും എ ആർ റഹ്മാന്റെ സംഗീതവും രവി കെ ചന്ദ്രന്റെ ഛായാഗ്രഹണവും ഉൾപ്പെടെ എല്ലാ മേഖലകൾക്കും പ്രശംസ ലഭിക്കുന്നുണ്ട്. എല്ലാ മേഖലകളും ഒരുപോലെ GOAT ലെവലിലാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ജൂൺ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ നീളം. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
Content Highlights: Simbu talks about Mani Ratnam's entry into cinema