
നടന്‍ വിശാലും നടി ധന്‍സികയും വിവാഹിതരാകാന്‍ ഒരുങ്ങുകയാണ്. ധന്‍സിക നായികയാവുന്ന 'യോഗി ഡാ' എന്ന ചിത്രത്തിന്റെ പ്രീ റിലീസ് വേദിയില്‍ വെച്ചാണ് ഇരുവരും വിവാഹ പ്രഖ്യാപനം നടത്തിയത്. ആഗസ്റ്റ് 29 ന് വിവാഹിതരാകും എന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.
വേദിയില്‍ വെച്ച് വിശാലാണ് ആദ്യം വിവാഹത്തെ കുറിച്ച് സംസാരിച്ചത്. പിന്നീട് ധന്‍സികയും പ്രണയ നാളുകളെ കുറിച്ച് സംസാരിച്ചു. 15 വര്‍ഷത്തോളമായി വിശാലിനെ അറിയാമെന്നും കരിയറിന്റെ പല പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹം ഒരു സഹപ്രവര്‍ത്തകന്‍ എന്ന രീതിയില്‍ തനിക്കൊപ്പം നിന്നിട്ടുണ്ടെന്നും ധന്‍സിക പറഞ്ഞു.
അടുത്ത നാളുകളിലാണ് വ്യക്തിപരമായി സംസാരിച്ച് തുടങ്ങിയതെന്നും അപ്പോള്‍ തന്നെ വിവാഹത്തിലേക്ക് നയിക്കുന്ന ഒരു ബന്ധത്തിന്റെ തുടക്കമായിരിക്കും ഇതെന്ന് തോന്നല്‍ ഇരുവര്‍ക്കും ഉണ്ടായെന്നും ധന്‍സിക പറഞ്ഞു. 'എന്നാ ബേബി സൊല്ലിടലാമാ' എന്ന് വിശാലിനോട് ചോദിച്ചതിന് ശേഷമായിരുന്നു ധന്‍സിക പ്രണയത്തെയും വിവാഹത്തെയും കുറിച്ച് സംസാരിച്ചത്.
'15 വര്‍ഷമായി വിശാല്‍ സാറിനെ അറിയാം. എപ്പോഴും ബഹുമാനപൂര്‍വമാണ് അദ്ദേഹം ഇടപെട്ടിട്ടുള്ളത്. മാത്രമല്ല, എനിക്ക് ചില പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ അദ്ദേഹം അതേ കുറിച്ച് സംസാരിച്ചിട്ടുണ്ട്. എനിക്കായി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ആ സമയങ്ങളില്‍ എന്റെ വീട്ടിലേക്ക് പോലും വന്നിട്ടുണ്ട്. മറ്റൊരു ഹീറോയും അങ്ങനെയൊന്നും ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ ആ പ്രവര്‍ത്തി എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.
അടുത്ത കാലത്താണ് ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയത്. പരസ്പരം എന്തോ ഒരു ആകര്‍ഷണം ഞങ്ങള്‍ക്ക് തോന്നി. കല്യാണത്തിലേക്ക് ആയിരിക്കും ഈ ബന്ധം പോവുക എന്ന് അന്നേ രണ്ട് പേര്‍ക്കും തോന്നി. പിന്നെ എന്തിനാണ് വെച്ച് താമസിപ്പിക്കുന്നത് എന്ന് കരുതി. വിവാഹം കഴിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എനിക്ക് അദ്ദേഹം എപ്പോഴും സന്തോഷത്തോടെയിരിക്കണം എന്നാണ് ആഗ്രഹം.
15 വര്‍ഷമായി സുഹൃത്തുക്കളാണ് എന്ന് തന്നെയാണ് ഈ വേദിയിലും ഞങ്ങള്‍ പറയാന്‍ ഉദ്ദേശിച്ചിരുന്നത്. പക്ഷെ രാവിലെ ചില വാര്‍ത്തകള്‍ കണ്ടു. അതുകൊണ്ടാണ് തീരുമാനം മാറ്റി പ്രണയത്തെ കുറിച്ചും നടക്കാന്‍ പോകുന്ന വിവാഹത്തെ കുറിച്ചും തുറന്നു സംസാരിക്കാമെന്ന് കരുതിയത്,' ധന്‍സിക പറഞ്ഞു.
Content Highlights: Actor Dhansika opens up about relationship and marriage with actor Vishal