
മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ച് ജൈത്രയാത്ര നടത്തുകയാണ് മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ 'തുടരും'. മികച്ച പ്രതികരണം നേടിയ സിനിമ ഇതിനോടകം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. ചിത്രത്തിന്റേതായി ഒരു പ്രൊമോ സോങ് അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. കൊണ്ടാട്ടം എന്ന് തുടങ്ങിയ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ആ ഗാനത്തിന്റെ ബിടിഎസ് വീഡിയോ ശ്രദ്ധ നേടുകയാണ്.
മോഹൻലാലും ശോഭനയും ചേർന്നുളള നൃത്തരംഗങ്ങളുടെ ബിടിഎസ്സാണ് പുറത്തുവിട്ടിരിക്കുന്നത്. ശോഭനയും തരുൺ മൂർത്തിയും ബൃന്ദ മാസ്റ്ററും ഉൾപ്പടെയുള്ളവർ ബിടിഎസ് പങ്കുവെച്ചിട്ടുണ്ട്.
അതേസമയം നാളെ മുതൽ കൊണ്ടാട്ടം സോങ് തിയേറ്ററിൽ തുടരും സിനിമയോടൊപ്പം പ്രദർശിപ്പിക്കും എന്ന് നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. 'ആഘോഷങ്ങൾ തുടരാൻ നാളെ മുതൽ തീയേറ്ററുകളിൽ കൊണ്ടാട്ടം' എന്ന ക്യാപ്ഷനോടെയാണ് ഈ അപ്ഡേറ്റ് അണിയറപ്രവർത്തകർ പങ്കുവെച്ചത്. എം ജി ശ്രീകുമാറും രാജലക്ഷ്മിയും ചേർന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. ഡോൺ മാക്‌സാണ് പ്രൊമോ സോങ് എഡിറ്റ് ചെയ്തിരിക്കുന്നത്. മോഹൻലാൽ, ശോഭന തുടങ്ങിയവരുടെ കിടിലൻ നൃത്തച്ചുവടുകൾ തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ഇവർക്കൊപ്പം സിനിമയുടെ സംവിധായകൻ തരുൺ മൂർത്തിയും ചുവടുകൾ വെക്കുന്നുണ്ട്.
അതേസമയം, ആഗോള ബോക്സ് ഓഫീസിൽ നിന്ന് തുടരും 200 കോടി കടന്നിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമായി തുടരും. മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ എമ്പുരാനും 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു. കേരളാ ബോക്സ് ഓഫീസിൽ നിന്ന് മാത്രം സിനിമ 100 കോടിയിലധികം രൂപ നേടിയിട്ടുണ്ട്. കേരളത്തിൽ നിന്ന് 100 കോടി നേടുന്ന ആദ്യ സിനിമയാണ് തുടരും.
Content Highlights: Thudarum promo song BTS out