
'ഗഗനചാരി'ക്ക് ശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന 'വല' എന്ന ചിത്രത്തിന്റെ സ്പെഷ്യൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. പുതുമയാർന്ന മേക്കിങ്ങിൽ എത്തിയ വീഡിയോയെ നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ പ്രശംസിക്കുന്നുണ്ട്. ഇപ്പോൾ അക്കൂട്ടത്തിൽ തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജും വലയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
'ക്രെയ്സി ആൻഡ് വൈൽഡ്' എന്നാണ് വല ഇന്‍ട്രൊ വീഡിയോയെ കുറിച്ച് കാർത്തിക് സുബ്ബരാജ് കുറിച്ചിരിക്കുന്നത്. ഒപ്പം സിനിമയുടെ ടീമിന് ആശംസകളും അദ്ദേഹം നേർന്നിട്ടുണ്ട്.
All the very best to team #Vala .... Looks crazy n wild 👌👌https://t.co/KWssNfmgHR@arunchandu @actorgokulsuresh @ajuvarghese #therealmadhav @anarkalimarikar @vineeth84 @ibasiljoseph @turtlevineproductions @lettersentertainment @kbganeshkumar_ @john_kaippallil @bhagath_manuel…
— karthik subbaraj (@karthiksubbaraj) May 8, 2025
ഇന്നലെ വൈകുന്നേരമായിരുന്നു വലയുടെ പുതിയ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. വാഹനാപകടത്തില്‍ ഗുരതരമായ പരിക്കേറ്റതിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന അതുല്യ നടൻ ജഗതി ശ്രീകുമാറിന്റെ സാന്നിധ്യമാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്. പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്ന കഥാപാത്രമായാണ് നടൻ സിനിമയിലെത്തുന്നത്. ജഗതിക്കൊപ്പം ഗോകുൽ സുരേഷ്, ബേസിൽ ജോസഫ്, അനാർക്കലി, അജു വർഗീസ്, കെ ബി ഗണേഷ് കുമാർ, വിനീത് ശ്രീനിവാസൻ, മാധവ് സുരേഷ് തുടങ്ങിയവരുടെയും രസകരമായ പ്രകടനങ്ങൾ വീഡിയോയിൽ കാണാം.
'ഗഗനചാരി' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ പുത്തന്‍ ജോണര്‍ തുറന്നുകൊടുത്ത യുവ സംവിധായകന്‍ അരുണ്‍ ചന്തുവിന്റെ അടുത്ത ചിത്രമായാണ് വല എത്തുന്നത്. സയന്‍സ് ഫിക്ഷന്‍ മോക്യുമെന്ററിയായ 'ഗഗനചാരി'ക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നത്. സോംബികളുമായാണ് 'വല'യുടെ വരവ്.
അണ്ടര്‍ഡോഗ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം ലെറ്റേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. ടെയ്ലര്‍ ഡര്‍ഡനും അരുണ്‍ ചിന്തുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സുര്‍ജിത് എസ് പൈ, സംഗീതം ശങ്കര്‍ ശര്‍മ്മ, എഡിറ്റിംഗ് സിജെ അച്ചു, മേക്കപ്പ് ആര്‍ജി വയനാടന്‍, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോണ്‍, വിഎഫ്എക്‌സ് മേരാക്കി, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എഎസ് സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു.
Content Highlights: Karthik Subbaraj praises Vala movie video