ഹാട്രിക്ക് ഹിറ്റടിച്ച് നാനി, റെട്രോയ്ക്ക് മുന്നിൽ പതറാതെ 'ഹിറ്റ് 3' : കളക്ഷൻ റിപ്പോർട്ട്

കേരളത്തിലും സിനിമയ്ക്ക് നല്ല അഭിപ്രായമുണ്ടാക്കാൻ സാധിക്കുന്നുണ്ട്

dot image

മികച്ച സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും സിനിമാപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് നാനി. നടന്റേതായി അടുത്തകാലത്ത് പുറത്തിറങ്ങിയ സിനിമകളൊക്കെയും മികച്ച അഭിപ്രായങ്ങൾ നേടുകയും വലിയ വാണിജ്യവിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഹിറ്റ് 3 എന്ന പുതിയ സിനിമയിലൂടെ ഹാട്രിക്ക് വിജയം സ്വന്തമാക്കിയിരിക്കുകയാണ് നാനി. റിലീസ് ചെയ്ത് രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 50 കോടി കളക്ട് ചെയ്തിരിക്കുകയാണ് ചിത്രം.

ആദ്യ ദിനം ഇന്ത്യയിൽ നിന്ന് 31 കോടിയും ഓവർസീസിൽ നിന്ന് 13.25 കോടിയുമാണ് ചിത്രം നേടിയത്. രണ്ടാം ദിനമായ ഇന്നലെയും സിനിമയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. സാക്നിൽക്കിൻ്റെ റിപ്പോർട്ട് പ്രകാരം ചിത്രം ഇന്നലെ ഇന്ത്യയിൽ നിന്ന് നേടിയത് 10 കോടിയാണ്. ഇതിൽ 9.7 കോടി തെലുങ്കിൽ നിന്നും ഒരു ലക്ഷം തമിഴിൽ നിന്നും രണ്ട് ലക്ഷം ഹിന്ദിയിൽ നിന്നുമാണ് നേടിയിരിക്കുന്നത്. ഇത് ഒപ്പമിറങ്ങിയ സൂര്യ ചിത്രമായ റെട്രോയെക്കാൾ കൂടുതലാണ്. 7.5 കോടിയാണ് റെട്രോയുടെ കളക്ഷൻ. കേരളത്തിലും സിനിമയ്ക്ക് നല്ല അഭിപ്രായമുണ്ടാക്കാൻ സാധിക്കുന്നുണ്ട്.

ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. മാസ് ചിത്രങ്ങളുടെ ആരാധകരെയും ത്രില്ലർ ചിത്രങ്ങളുടെ ആരാധകരെയും ഒരുപോലെ ത്രസിപ്പിക്കുന്ന ഈ ചിത്രത്തിലെ നായിക ശ്രീനിധി ഷെട്ടിയാണ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവക്ക് ശേഷം ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമായാണ് ഹിറ്റ് 3 എത്തിയത്.

ഛായാഗ്രഹണം - സാനു ജോൺ വർഗീസ്, സംഗീതം - മിക്കി ജെ മേയർ, എഡിറ്റർ - കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ - ശ്രീ നാഗേന്ദ്ര തങ്കാല, രചന - ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ - അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ - നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് - എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് - ഫസ്റ്റ് ഷോ, പിആർഒ - ശബരി.

Content Highlights: nani film Hit 3 box office report

dot image
To advertise here,contact us
dot image