ഞങ്ങൾ ഇനിയും ഉലകനായകൻ എന്ന് വിളിക്കും, ആ പേര് ഒരു വൺ സൈഡ് ലവ് പോലെയാണ്: കെ എസ് രവികുമാർ

കമൽഹാസന് ഉലകനായകൻ എന്ന ടൈറ്റിൽ കാർഡ് ആദ്യമായി നൽകിയത് കെ എസ് രവികുമാറായിരുന്നു

dot image

ഉലകനായകൻ എന്ന വിശേഷണം ഇനി തനിക്ക് വേണ്ടെന്ന കമൽഹാസന്റെ പ്രസ്‌താവന വാർത്തകളിൽ ഇടം നേടിയിരുന്നു. കലാകാരൻ കലയേക്കാൾ വാഴ്ത്തപ്പെടാൻ പാടില്ലെന്ന തന്റെ വിശ്വാസമാണ് ഇതിന് പിന്നിൽ എന്നും കമൽ പറഞ്ഞിരുന്നു. എന്നാൽ തങ്ങൾ ആ പേര് ഇനിയും വിളിക്കുമെന്ന് പറയുകയാണ് സംവിധായകൻ കെ എസ് രവികുമാർ. ചെന്നൈയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് അദ്ദേഹത്തിന്റെ രസകരമായ പ്രതികരണം.

'ഞങ്ങൾ ഇനിയും ഉലകനായകൻ എന്ന് വിളിക്കും. ഇത് ഒരു വൺ സൈഡ് ലവ് പോലെയാണ്. തങ്ങൾക്ക് പ്രണയം ഇല്ലെങ്കിൽ വിട്ടേക്ക്. ഞങ്ങൾ പ്രണയിക്കും. ഞങ്ങളെ തടയാൻ കഴിയില്ല,' എന്നായിരുന്നു കെ എസ് രവികുമാർ പറഞ്ഞത്. സംവിധായകന്റെ ഈ രസകരമായ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

കമൽഹാസന് ഉലകനായകൻ എന്ന ടൈറ്റിൽ കാർഡ് ആദ്യമായി നൽകിയത് കെ എസ് രവികുമാറായിരുന്നു. 'തെനാലി' എന്ന സിനിമയിൽ കമൽഹാസന് എന്തെങ്കിലും സ്പെഷ്യലായി നൽകണമെന്ന തന്റെ ആഗ്രഹം മൂലമാണ് ആ പേര് നൽകിയത് എന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

'ആ സമയം പത്മശ്രീ, ഡോക്ടർ തുടങ്ങിയ ടൈറ്റിൽ കാർഡുകളാണ് അദ്ദേഹത്തിന് നൽകിയിരുന്നത്. അദ്ദേഹത്തിന് പുതിയ ഒരു ടൈറ്റിൽ കാർഡ് നൽകണമെന്ന ചിന്തയിൽ നിന്നാണ് ഉലകനായകൻ എന്ന പേര് വരുന്നത്. ഉലകനായകൻ എന്ന ടൈറ്റിലിനോട് കമൽ ഹാസന് താത്പര്യമില്ലായിരുന്നു,' എന്നും കെ എസ് രവികുമാർ മുമ്പ് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

Content Highlights: K S Ravikumar comments on Ulaganayagan title

dot image
To advertise here,contact us
dot image