'എല്ലാം റെഡിയാണ്'; തുടരും പ്രൊമോ സോങ് എപ്പോൾ റിലീസ് ചെയ്യും? മറുപടിയുമായി തരുൺ മൂർത്തി

തുടരും ആഗോളതലത്തിൽ മികച്ച കളക്ഷനാണ് നേടുന്നത്

dot image

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രം മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ ഭാഗമായി ഒരുക്കിയ പ്രൊമോ സോങ്ങിനായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോൾ ആ ഗാനത്തിന്റെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് തരുൺ മൂർത്തി.

'പ്രൊമോ സോങ് ഉടനെ വരും, എല്ലാം റെഡിയാണ്. ഇതൊന്ന് ഹിറ്റടിച്ച് നിങ്ങളെ സന്തോഷത്തിലാക്കിയിട്ട് പാട്ട് ഇറക്കമെന്ന് കരുതി,' എന്നാണ് തരുൺ മൂർത്തി പറഞ്ഞത്. സിനിമയുടെ വിജയത്തിന്റെ ഭാഗമായി നടന്ന തിയേറ്റർ വിസിറ്റിനിടെയാണ് സംവിധായകന്റെ പ്രതികരണം.

ഈ പ്രൊമോ ഗാനത്തിന്റെ സെൻസറിങ് പൂർത്തിയായതായുള്ള റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. തുടരും പ്രൊമോ സോങ്ങിന് യു സർട്ടിഫിക്കറ്റ് ലഭിച്ചതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്തത്. ഗാനത്തിന് മൂന്ന് മിനിറ്റ് 35 സെക്കന്റ് ദൈർഘ്യമുണ്ടാകുമെന്നാണ് സൂചന.

അതേസമയം തുടരും ആഗോളതലത്തിൽ മികച്ച കളക്ഷനാണ് നേടുന്നത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രം ഇതിനകം ആഗോളതലത്തിൽ 50 കോടി കടന്നതായും റിപ്പോർട്ടുകളുണ്ട്.

ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.

Content Highlights: Tharun Moorthy talks about Thudarum promo song

dot image
To advertise here,contact us
dot image