
മമ്മൂട്ടിയോടുള്ള ആദരവ് പലയാവർത്തി തുറന്നു പറഞ്ഞിട്ടുളള നടനാണ് ടിനി ടോം. ഏതാനും സിനിമകളിൽ നടന്റെ ബോഡി ഡബിളായും ടിനി ടോം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ആക്ഷൻ രംഗങ്ങളിലെല്ലാം ടിനിയാണ് മമ്മൂട്ടിക്ക് ഡ്യൂപ്പാകുന്നത് എന്ന് പലരും പരിഹസിക്കാറുണ്ട്. ഇപ്പോൾ ആ പരിഹാസങ്ങളെക്കുറിച്ച് ടിനി ടോം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഈ പരിഹാസങ്ങൾ മൂലം മമ്മൂട്ടിയുടെ അടുത്ത് പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ് എന്നാണ് ടിനി ടോം പറയുന്നത്. കണ്ണൂർ സ്‌ക്വാഡ് എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ മമ്മൂട്ടിയുടെ അടുത്ത് പോയി സംസാരിച്ചപ്പോൾ, 'ഈ സിനിമയിലെ സംഘട്ടന രംഗങ്ങൾ ചെയ്തത് നീയാണ് എന്ന് ഇവരൊക്കെ പറയും' എന്ന് അദ്ദേഹം തമാശ രൂപേണ പറഞ്ഞു. ഇപ്പോൾ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പോലും പങ്കുവെക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് ടിനി ടോം പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ടിനി ടോമിന്‍റെ പ്രതികരണം.
'മമ്മൂക്കയുടെ അടുത്ത് എനിക്ക് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയായി. കണ്ണൂര്‍ സ്ക്വാഡ് എന്ന സിനിമയുടെ ലൊക്കേഷന്‍ എന്‍റെ വീടിന് അടുത്തായിരുന്നു. ഞാന്‍ മമ്മൂക്കയുടെ അടുത്ത് പോയി സംസാരിച്ചു. ഇനിയിപ്പോൾ ഇവന്മാരൊക്കെ പറയും എന്‍റെ ഫൈറ്റ് നീയാണ് ചെയ്തതെന്ന്. ഞാന്‍ പറഞ്ഞു, ഞാന്‍ തന്നെ ഇട്ടിട്ടുണ്ട് ആകെ മൂന്ന് പടത്തിലേ ഞാന്‍ ബോഡി ഡബിള്‍ ആയി നിന്നിട്ടുള്ളൂ,'
'അദ്ദേഹം കഷ്ടപ്പെട്ട് വെയിലത്തുനിന്ന് ചെയ്യുന്നതാണ്. ഈ കാണുന്ന വെയിലത്ത് തന്നെയാണ് എല്ലാവരും നില്‍ക്കുന്നത്. എസിയില്‍ ഇരുന്നാലും ആക്ഷന്‍ എന്ന് പറയുമ്പോള്‍ വെയിലത്ത് തന്നെ നില്‍ക്കണ്ടേ? അങ്ങനെ ആയുസ് കളഞ്ഞ് പണിയെടുത്തവരാണ്. അവരെയാണ് ഫാന്‍ ഫൈറ്റിന്‍റെ പേരില്‍ അവഹേളിക്കുന്നത്. അപ്പോള്‍ നമുക്ക് ഭയങ്കര വിഷമം തോന്നും. നമ്മളൊക്കെ ബഹുമാനിക്കേണ്ട, അഭിമാനിക്കേണ്ട ഒരാളാണ്. ഒരുമിച്ച് ഫോട്ടോ ഇടാന്‍ പറ്റാത്ത അവസ്ഥയായി,' എന്ന് ടിനി ടോം പറഞ്ഞു.
Content Highlights: Tini Tom talks about trolls on Mammootty