
May 30, 2025
03:39 AM
അജിത്ത് കുമാര്‍ നായകനായി എത്തിയ ഗുഡ് ബാഡ് അഗ്ലി എന്ന സിനിമക്കെതിരെ നടപടിയുമായി ഇളയരാജ രംഗത്തെത്തിയിരുന്നു. താന്‍ ഈണമിട്ട ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ചാണ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. 5 കോടിയാണ് നഷ്ടപരിഹാരം ഇളയരാജ ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ അതിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ്.
സിനിമയിൽ ഉപയോഗിച്ച പാട്ടുകൾക്ക് ആവശ്യമായ എല്ലാ അനുമതിയും മ്യൂസിക് ലേബലുകളിൽ നിന്നും തങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് സിനിമയുടെ നിർമാതാക്കളിൽ ഒരാളായ യലമഞ്ചിലി രവിശങ്കർ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. 'പാട്ടുകളുടെ അവകാശം മ്യൂസിക് ലേബലുകൾക്കാണ്, അതുകൊണ്ട് ഞങ്ങൾ എല്ലാ പ്രോട്ടോകോളുകൾ പാലിക്കുകയും അവരുടെ പക്കൽ നിന്നും എൻഒസി വാങ്ങിക്കുകയും ചെയ്തിരുന്നു', യലമഞ്ചിലി രവിശങ്കർ പറഞ്ഞു. ഒത്ത രൂപ തരേന്‍, എന്‍ ജോഡി മഞ്ഞക്കരുവി എന്നീ ഗാനങ്ങള്‍ ഉപയോഗിച്ചതിനാണ് ഇളയരാജ നോട്ടീസ് നൽകിയത്.
നേരത്തെയും നിരവധി സിനിമകളില്‍ താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ അനുവാദം കൂടാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഇളയരാജ രംഗത്തുവന്നിട്ടുണ്ട്. സ്റ്റേജ് ഷോകള്‍ക്കെതിരെയും അദ്ദേഹം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം തിയേറ്ററുകളില്‍ മികച്ച പെര്‍ഫോമന്‍സാണ് സിനിമ നടത്തുന്നത്. അജിത്ത് ആരാധകര്‍ ആഘോഷമാക്കുന്ന ചിത്രം ആദിക് രവിചന്ദ്രനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ 10ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ 100 കോടി പിന്നിട്ടുകഴിഞ്ഞു.
Content Highlights: Good Bad Ugly producers responds to Ilaiyaraja