
May 21, 2025
02:08 AM
മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരുന്ന ചിത്രം ബസൂക്ക റിലീസ് ചെയ്തിരിക്കുകയാണ്. താരത്തിന്റെ സ്റ്റൈലിഷ് ലുക്കും വ്യത്യസ്തമായ വേഷവുമായെത്തിയ സിനിമയുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സിനിമയ്ക്ക് മികച്ച കളക്ഷനാണ് ആദ്യദിനത്തിൽ ആഭ്യന്തര ബോക്സ് ഓഫീസിൽ ലഭിച്ചിരിക്കുന്നത്.
ചിത്രം ആദ്യദിനത്തിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 3.25 കോടി രൂപ നേടിയതായാണ് ട്രാക്കര്‍മാരായ സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നത്. സിനിമയ്ക്ക് 1.50 കോടിയാണ് ചിത്രം കേരളത്തില്‍ നിന്നും അഡ്വാന്‍സ് ബുക്കിംഗിലൂടെ കളക്ഷൻ ലഭിച്ചത്.
നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. മലയാളത്തിലെ എക്കാലത്തെയും മികച്ച രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഡീനോ. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.
Content Highlights: Bazooka first day collection report